രാജ്യത്തെ തന്ത്രപ്രധാന മേഖലകളിൽ ആക്രമണത്തിന് പദ്ധതിയിട്ടു; പാക് ബന്ധമുള്ള 9 പേർ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: ആണവകേന്ദ്രങ്ങളടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട ഒൻപതുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ഒൻപതുപേരെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ്‌ചെയ്തത്. ഇവരിൽനിന്ന് വലിയതോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഡൽഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതൽവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരേയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. രാജ്യത്തെ വിവിധ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജനിലയങ്ങൾ തുടങ്ങിയവയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്ന പട്ടികയിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ശനിയാഴ്ച വൈകിട്ട് നടത്തുന്ന പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹിയിൽ നേരത്തേതന്നെ കനത്ത ജാഗ്രത പുലർത്തിയിരുന്നു. ഇതിനിടെയാണ് പാക് ബന്ധമുള്ള ഒൻപതുപേരെ പോലീസ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞവർഷം ഡൽഹി ചെങ്കോട്ടയിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.
Content Highlights: Arrest of nine individuals with links to ISI and Dawood Ibrahim., Targeted locations included nuclear plants, airports, and energy facilities., Large cache of weapons seized by Delhi Police Special Cell., Heightened security measures implemented following intelligence alerts.