ഡൽഹി പോലീസ് സിപിഎം ആസ്ഥാനത്തെത്തിയ സംഭവം: സാധാരണ നടപടിയെന്ന് കേന്ദ്ര മന്ത്രി നഡ്ഡ

#ന്യൂസ് ഡെസ്ക്
സി.പി.എം. ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനില്‍ എത്തിയ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ തടയുന്ന ജോണ്‍ ബ്രിട്ടാസ് എംപി, മന്ത്രി ജെപി നഡ്ഡ രാജ്യസഭയില്‍ സംസാരിക്കുന്നു
സി.പി.എം. ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനില്‍ എത്തിയ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ തടയുന്ന ജോണ്‍ ബ്രിട്ടാസ് എംപി, മന്ത്രി ജെപി നഡ്ഡ രാജ്യസഭയില്‍ സംസാരിക്കുന്നു

ന്യൂഡൽഹി : ജന്തർമന്തറിലെ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റുചെയ്യാൻ സി.പി.എം. ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനിൽ ഡൽഹി പോലീസ് എത്തിയതിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി ജെപി നഡ്ഡ. ഇതൊരു സാധാരണ നടപടി മാത്രമാണെന്ന് നഡ്ഡ പറഞ്ഞു. സിപിഎം എംപി ജോൺ ബ്രിട്ടാസും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിഷയം രാജ്യസഭയിൽ ഉയർത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

ബഹുപാർട്ടി സംവിധാനത്തിൽ അധിഷ്ഠിതമായ ഒരു പാർലമെന്ററി ജനാധിപത്യമാണ് നമുക്കുള്ളത്. ഇന്നലെ ദൗർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായി. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിന്റെ ആസ്ഥാനത്തേക്ക് ഡൽഹി പോലീസ് സംഘം അതിക്രമിച്ചുകയറി... ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായിരുന്നു അത്. ജന്തർ മന്തറിലെ സമരത്തിൽ പങ്കെടുത്തു എന്നത് മാത്രമായിരുന്നു അവരുടെ 'കുറ്റം'. ബ്രിട്ടാസ് പറഞ്ഞു.

ജെഎൻയു ക്യാമ്പസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട 2021-ലെ ഒരു കേസിൽ ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് തങ്ങൾ വന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി ബ്രിട്ടാസ് പറഞ്ഞു. 'ഏറ്റവും ഞെട്ടിക്കുന്ന കാര്യം അവർ യൂണിഫോം ധരിക്കാതെയാണ് വന്നത് എന്നതാണ്... അവർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്...' എന്ന് പറഞ്ഞ ബ്രിട്ടാസ്, ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണം നടത്തണമെന്നും ആവശ്യപ്പെട്ടു.

അനുമതിയില്ലാതെ പാർട്ടി ഓഫീസിലേക്ക് കയറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു.

പോലീസ് നടപടി സാധാരണ ക്രമസമാധാന സാഹചര്യം എന്ന് വിശേഷിപ്പിച്ച് മന്ത്രി നഡ്ഡ സർക്കാരിനെ പ്രതിരോധിച്ചു. 'എന്റെ സുഹൃത്ത് ജോൺ ബ്രിട്ടാസ് ഇവിടെ പറഞ്ഞ വിഷയം, അതൊരു വളരെ സാധാരണമായ ഒരു ക്രമസമാധാന സാഹചര്യമാണെന്ന് നമ്മൾ മനസ്സിലാക്കണം. ഞാൻ ഒരു വിദ്യാർത്ഥി പ്രവർത്തകനായിരുന്നു. കോൺഗ്രസ് പാർട്ടി ഭരിച്ചുകൊണ്ടിരുന്ന അടിയന്തരാവസ്ഥയുടെ നാളുകളിൽ പലതവണ ഞാൻ ക്ലാസ് മുറിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്' നഡ്ഡ പറഞ്ഞു.

നിയമവും ക്രമസമാധാനവും കൈയിലെടുക്കുമ്പോൾ പോലീസിന് അതനുസരിച്ച് പ്രവർത്തിക്കേണ്ടി വരുമെന്നും നഡ്ഡ കൂട്ടിച്ചേർത്തു.

സി.പി.എം. ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനിൽ കഴിഞ്ഞ ദിവസമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. 2021-ലെ കേസിൽ അറസ്റ്റുചെയ്യാനാണ് രണ്ടു വനിതകളടങ്ങിയ പോലീസ് സംഘം എത്തിയത്. ജോൺ ബ്രിട്ടാസ് എം.പി.യുടെ നേതൃത്വത്തിൽ, പാർട്ടി ഓഫീസിനകത്ത് കടന്നുകയറിയുള്ള നീക്കത്തെ ചോദ്യംണ്ടചെയ്തതോടെ പോലീസ് മടങ്ങി. മഫ്തിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ജാമ്യമില്ലാ വാറന്റ് കാണിച്ചെങ്കിലും യൂണിഫോം ധരിക്കാതെ എത്തിയത് ചൂണ്ടിക്കാട്ടി ബ്രിട്ടാസ് എതിർത്തു.

Content Highlights: Delhi Police visited CPM headquarters (AKG Bhavan) to arrest student leader Aishe Ghosh., The arrest attempt was linked to a 2021 JNU campus protest case., John Brittas MP protested the police entry, citing lack of uniforms and procedural concerns., JP Nadda defended the police, terming it a routine law and order matter., Mallikarjun Kharge demanded strict action against police for entering the party office without authorization.