ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി, നടപടി വിദ്യാർത്ഥി പ്രതിഷേധത്തിനിടെ

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. വിനീത് ജോഷിക്ക് പകരം നരേഷ് പാൽ ഗാംഗ്‌വറിനെ പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി സർക്കാർ നിയമിച്ചു. ബുധനാഴ്ചയാണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം പുറത്തുവന്നത്.
നീറ്റ് (NEET) ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ടി.കെ. അനിൽകുമാറാണ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി.
1992 ബാച്ചിലെ മണിപ്പൂർ കേഡർ ഉദ്യോഗസ്ഥനായ ജോഷി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ സെക്രട്ടറിയായിരുന്നു. പശ്ചിമ ബംഗാൾ കേഡറിൽ നിന്നുള്ള 1994 ബാച്ച് ഉദ്യോഗസ്ഥനാണ് നരേഷ് പാൽ ഗാംഗ്വാർ. മുമ്പ് അദ്ദേഹം ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയുടെ മന്ത്രാലയത്തിലെ മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പിലെ സെക്രട്ടറിയായിരുന്നു.
ഡൽഹിയിലെ ജന്തർ മന്തറിൽ കോക്‌റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളാണ് സർക്കാരിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നേരിട്ട് മറുപടി നൽകണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടത്തരുതെന്നും വിവിധ ഐഐഎം (IIM) പൂർവ്വ വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സി.ജെ.പി. ദിവസങ്ങളായി തലസ്ഥാനത്ത് കനത്ത പ്രതിഷേധ സമരം തുടരുകയാണ്. കഴിഞ്ഞദിവസം ഇന്ത്യ മുന്നണികൂടി പ്രതിഷേധം തുടർന്നതോടെ രാജ്യതലസ്ഥാനം വലിയ സമരമുന്നേറ്റത്തിന് സാക്ഷിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സി.ജെ.പി.യുടെ നിലപാട്.
Content Highlights: Amid escalating nationwide student protests over exam paper leaks at Delhi's Jantar Mantar, the government has transferred Higher Education Secretary Vineet Joshi to the Ministry of Panchayati Raj, replacing him with Naresh Pal Gangwar.