ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ ഒരുമതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് ഡല്‍ഹി കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചായിരുന്നില്ലെന്ന് വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഏപ്രില്‍ 20-നും അതിന് മുമ്പും നടന്ന ഒഴിപ്പിക്കല്‍ നടപടികളില്‍ വീടുകളോ കടകളോ പൊളിച്ചുനീക്കിയിട്ടില്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ചാക്കുകളില്‍ കൂട്ടിയിട്ടിരുന്ന മാലിന്യം, പൊതു നിരത്തിലുള്ള അനധികൃത താത്കാലിക നിര്‍മാണങ്ങള്‍ തുടങ്ങിയവയാണ് നീക്കിയതെന്നും കോര്‍പ്പറേഷന്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ നീക്കാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തല്‍സ്ഥിതി ഉത്തരവ് വന്നതിന് പിന്നാലെ ഏപ്രില്‍ 20-ന് ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനുശേഷം പൊളിച്ചുനീക്കിയ അവശിഷ്ടങ്ങള്‍ നീക്കുക മാത്രമാണ് ചെയ്തത്. ഇത് കോടതിയലക്ഷ്യ നടപടിയല്ലെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, സി.പി.എം. പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഹര്‍ജികള്‍ വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ കോടതി മാറ്റി.
Content Highlights: delhi municipal corporation affidavit on jahangirpuri demolition