'സ്ത്രീയുടെ പഞ്ചാരവാക്കില്‍ പോലീസ് വീണോ?' യശ്വന്ത് വർമ്മക്കെതിരായ അന്വേഷണത്തിൽ പുതിയ ട്വിസ്റ്റ്

കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ നോട്ടുകെട്ടുകൾ, അന്വേഷണ സമിത അംഗങ്ങളായ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ അന്വേഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കു ശേഷം ഹരിയാന ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേക്ക് വരുന്നു| ഫോട്ടോ: PTI
കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ നോട്ടുകെട്ടുകൾ, അന്വേഷണ സമിത അംഗങ്ങളായ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവര്‍ അന്വേഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കു ശേഷം ഹരിയാന ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേക്ക് വരുന്നു| ഫോട്ടോ: PTI

ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നോട്ട് കെട്ടുകൾ കത്തിയ സംഭവത്തിൽ സ്ത്രീയുടെ പങ്കും അന്വേഷിക്കുന്നു. ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തം ഉണ്ടായതിന് പിന്നാലെ അവിടെ കാറിലെത്തിയ സ്ത്രീയുടെ പങ്കാണ് അന്വേഷിക്കുന്നത്. കത്തിയ നോട്ടുകളും കത്താത്ത നോട്ടുകളും സ്റ്റോർ റൂമിൽ നിന്ന് മാറ്റാൻ സ്ത്രീക്ക് പോലീസിന്റെ സഹായം ലഭിച്ചോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്.

രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ഒരു ജൂനിയർ പോലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് അന്വേഷണം നടക്കുന്നത്. ഈ മൂന്ന് പേരും സ്ത്രീയുടെ 'പഞ്ചാര വാക്കുകളിൽ' വീണോ എന്നാണ് അന്വേഷിക്കുന്നത്. തീപിടത്തമുണ്ടായ സ്റ്റോർ റൂമിൽ സ്ത്രീയെ പ്രവേശിക്കാൻ അനുവദിച്ചത് ഈ പോലീസുകാരനാണോ എന്നും അന്വേഷിക്കുന്നുണ്ട്. നോട്ടുകൾ കത്തിയെങ്കിൽ അവ എവിടെയെന്ന ചോദ്യം പല കോണുകളിലും നിന്ന് ഉയർന്നിരുന്നു. ഈ സഹചര്യത്തിൽ സ്ത്രീക്കെതിരെയും പോലീസുകാർക്കെതിരെയും നടക്കുന്ന അന്വേഷണം നിർണ്ണായകമാണ്.

തീപിടത്തം ഉണ്ടായതിന് പിന്നാലെ ജസ്റ്റിസ് വർമ്മയുടെ വസതിയിൽ എത്തിയ അഞ്ച് പോലീസുകാരുടെ ഫോണും പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ ഫോണുകളിൽ നിർണ്ണായക വിവരം ഉണ്ടാകാം എന്നാണ് അന്വേഷണ സമിതി കരുതുന്നത്. ഇതിനിടയിൽ സംഭവവുമായി ബന്ധപ്പെട്ട അഞ്ച് പോലീസുകാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡൽഹി ഫയർ ഫോർസ് മേധാവി അതുൽ ഗാർഗിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഹരിയാന സർക്കാരിന്റെ ചാണക്യപുരിയിലെ ഗസ്റ്റ് ഹൌസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്റ്റിസ് വർമ്മയുടെ വസതിയിൽ നോട്ട് കെട്ടുകൾ കത്തിയിട്ടില്ലെന്ന് മാധ്യമങ്ങളോട് താൻ പറഞ്ഞിട്ടില്ലെന്ന് അതുൽ ഗാർഗ് മൊഴി നൽകി.

Content Highlights: Delhi Judge`s Residence Fire: Woman`s Role Investigated