ഡൽഹി തീപ്പിടിത്തം; ഹോട്ടലിന്റെ നിലവറയിൽ വരെ താമസക്കാർ, പൈസ കുറവായതിനാൽ വിദേശികളും മുറിയെടുക്കും

ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തം | Photo: AP
ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തം | Photo: AP

ന്യൂഡൽഹി: ഡൽഹിയിൽ തീപ്പിടിത്തമുണ്ടായ ഫ്‌ളറിഷ് സ്റ്റേ ബി ആൻഡ് ബി ഹോട്ടൽ സ്ഥിതിചെയ്തിരുന്നത് പാർപ്പിടങ്ങൾ ഏറെയുള്ള മേഖലയിൽ. അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ നിലവറയിലുൾപ്പെടെയുള്ള മുറികളിൽ സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ ആളുകളെ താമസിപ്പിച്ചിട്ടുണ്ടായിരുന്നു. ഹോട്ടൽക്കെട്ടിടത്തിൽനിന്ന് തീയും പുകയുമുയർന്നപ്പോൾ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇടുങ്ങിയ വഴികളുള്ള ഇവിടേക്ക് പ്രയാസപ്പെട്ടാണ് അഗ്‌നിരക്ഷാസേനാ വാഹനങ്ങളും പോലീസും ആംബുലൻസുകളുമെത്തിയത്. ഡൽഹിയിൽ കൊടുംചൂടായതിനാൽ തീ വേഗം പടർന്നു.

സമീപമേഖലകളിലുള്ള മാക്‌സ്, എയിംസ്, സഫ്ദർജങ് തുടങ്ങിയ പ്രധാന ആശുപത്രികളിൽ ചികിത്സയിൽക്കഴിയുന്നവരുടെ ബന്ധുക്കളാണ് ഹൗസ് റാണി പ്രദേശത്തെ ഹോട്ടലുകളിൽ താമസിക്കാറുള്ളത്. സ്വകാര്യ ആശുപത്രിയായ മാക്‌സിൽ എത്തുന്നവരാണ് അതിലേറെയും. താരതമ്യേന കുറഞ്ഞനിരക്കിൽ ലഭിക്കുമെന്നതിനാൽ വിദേശികളും ഈ ഹോട്ടലുകളിൽ മുറിയെടുക്കും. ഇവയിൽ മിക്കതും അനധികൃതമായി പ്രവർത്തിക്കുന്നവയാണ്.

തീപ്പിടിത്തമുണ്ടായ ഹോട്ടലിൽ ആറുമുറിക്കു മാത്രമാണ് അനുമതിയുണ്ടായിരുന്നതെങ്കിലും 25 മുറികൾ പ്രവർത്തിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. ഡൽഹി സർക്കാരിന്റെ ബെഡ് ആൻഡ് ബ്രെക്‌ഫെസ്റ്റ് നയത്തിനുകീഴിലാണ് ഇവിടെ താമസസൗകര്യത്തിന് അനുമതി നൽകിയിരുന്നത്. കെട്ടിടത്തിന് അഗ്‌നിരക്ഷാസേനയുടെ അനുമതിപത്രം ലഭിച്ചിരുന്നില്ലെന്നും താഴത്തെനിലയിലെ ഭക്ഷണശാലയ്ക്ക് അനുമതിയില്ലായിരുന്നെന്നും റിപ്പോർട്ടുണ്ട്.

ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനമറിയിച്ചു.

Content Highlights: The hotel operated 25 rooms despite having permission for only 6., The building lacked necessary fire department clearance and safety certifications., The facility housed guests in the basement, further violating safety norms., Located in a densely populated area with narrow roads, hindering emergency response., High-profile leaders including the President and VP expressed condolences.