ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത അതിവേഗ പാത ഒറ്റമഴയിൽ പൊളിഞ്ഞു; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയിൽ കുഴികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയിൽ കൂറ്റൻ കുഴികൾ. ഏകദേശം 12,000 കോടി ചെലവിൽ നിർമിച്ച അതിവേഗ പാതയിലാണ് കുഴികൾ രൂപപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ 14-ന് ഷാംലി ജില്ലയിലെ കരോദ ഹാഥി എന്ന ഗ്രാമത്തിനു സമീപമാണ് കൂറ്റൻ കുഴികൾ രൂപപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവം നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയ പിന്നീട് വൈറലായതോടെയാണ് ദേശീയപാത അതോറിറ്റി നടപടിയെടുത്തത്.
വൈറലായ വീഡിയോയിൽ കുഴികളിൽപ്പെട്ട് നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ടതായും ചില വാഹനങ്ങളുടെ അലോയ് വീലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ദൃശ്യങ്ങൾ പകർത്തിയയാൾ അവകാശപ്പെട്ടു. വിഷയം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ ദേശീയ അതോറിറ്റിയുടെ (NHAI) സംഘം സ്ഥലത്തെത്തി കേടായ ഭാഗം അറ്റകുറ്റപ്പണി നടത്തി. ഹൈവേയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. റോഡ് നിർമാണത്തിലെ അഴിമതിയാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ മഴയെ തുടർന്നുണ്ടായ കേടുപാടുകളാണ് കുഴികൾ രൂപ്പെടാൻ കാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. അഞ്ചുവർഷത്തോളമെടുത്താണ് ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ പൂർത്തിയാക്കിയത്. എന്നാൽ ഒരൊറ്റ മഴയേപ്പോലും അതിജീവിക്കാൻ ആകാത്ത തരത്തിലാണ് ഇതിന്റെ നിർമാണമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.
Content Highlights: Large potholes formed on the Delhi-Dehradun Expressway near Karoda Hathi village., The 12,000 crore project faced immediate scrutiny following a viral video., NHAI attributed the damage to heavy rainfall, while opposition parties alleged corruption., Emergency repairs were conducted by NHAI, and traffic has been restored.