ഡല്‍ഹി സ്‌ഫോടനം; വെള്ള രാസവസ്തുവിന്റെ ഉറവിടം തേടി പോലീസ്, ലക്ഷ്യം സന്ദേശം നല്‍കലെന്നും സംശയം

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപമുണ്ടായ സ്‌ഫോടനത്തിലുപയോഗിച്ചത് വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളെന്ന് സൂചന. നാടന്‍ ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സ്‌ഫോടനത്തിലൂടെ ഒരു സന്ദേശം നല്‍കാനാണ് ഇതിന് പിന്നിലുള്ളവര്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. അതിനപ്പുറത്തേക്ക് ആളപായമുണ്ടാക്കാനോ നാശനഷ്ടങ്ങളുണ്ടാക്കാനോ ലക്ഷ്യമിട്ടിട്ടില്ലെന്നുമാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ബോംബ് നിര്‍മ്മാണത്തിനായി വെള്ള നിറത്തിലുള്ള ഒരു രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് മുഴുവന്‍ രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്.
നാടന്‍ ബോംബാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നും സൂചനകളുള്ളതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെയും സി.ആര്‍.പി.എഫിലെയും എന്‍.എസ്.ജിയിലെയും വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വയറിന്റെയും ബാറ്ററിയുടെയും ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീര്‍പ്പിലെത്താനാണ് തീരുമാനം.
രാവിലെ ഏഴരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ സി.ആര്‍.പിഎഫ് സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. സമീപത്തെ ജനലുകളുടെയും വാഹനങ്ങളുടെയും ചില്ലുകളും തകര്‍ന്നിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതികളിലേക്കെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.
Content Highlights: delhi crpf school blast agencies probe mysterious white powder