മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു; ജയില്‍ മോചനം ഉടന്‍ ഉണ്ടാകില്ല

മുഹമ്മദ് സുബൈര്‍| Photo: https://twitter.com/zoo_bear
മുഹമ്മദ് സുബൈര്‍| Photo: https://twitter.com/zoo_bear

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.  ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ദേവേന്ദ്ര കുമാര്‍ ജന്‍ഗാലയാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യംവിട്ടു പോകരുത് എന്ന് സുബൈറിനോട് കോടതി നിര്‍ദേശിച്ചു. ജാമ്യത്തിനായി അര ലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു 

2018 ലെ ട്വീറ്റ് സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ 35-ാം വകുപ്പ് ഉള്‍പ്പെടെ ചുമത്തി രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. ഈ കേസിലാണ് ആദ്യമായി സുബൈര്‍ ആദ്യമായി അറസ്റ്റില്‍ ആയത്.    

ഉത്തര്‍പ്രദേശിലെ സീതാര്‍പുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സുപ്രീം കോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സുബൈര്‍ ഹത്രാസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇത് വരെയും ജാമ്യം ലഭിച്ചിട്ടില്ല. അതിനാല്‍ ജയില്‍ മോചനം വൈകും. ഉത്തരപ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആറ് കേസ്സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്
 

Content Highlights: Delhi Court Grants Bail To Mohammed Zubair In Case For 2018 Tweet