ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ റദ്ദാക്കി; പഴയ കേസിൽ കോടതിയിൽ ഹാജരായി പിഴയടച്ചു

ന്യൂഡൽഹി: എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റുകൾ ഡൽഹി കോടതി റദ്ദാക്കി. 2021ൽ ഡൽഹിയിലെ ബംഗാൾ ഭവനുമുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പുറപ്പെടുവിച്ച രണ്ട് വാറന്റുകളാണ് റദ്ദാക്കിയത്. ഇന്ന് ഐഷി ഘോഷ് കോടതിയിൽ ഹാജരാകുകയായിരുന്നു. തുടർന്ന് 1000 രൂപ പിഴിയീടാക്കി കോടതി അറസ്റ്റ് വാറന്റുകൾ റദ്ദാക്കി. പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.
കോടതിയിൽ ഹാജരാകാത്തതിനാൽ 2024 ഡിസംബറിലും 2026 ഏപ്രിലിലും കോടതി ജാമ്യമില്ലാ വാറന്റുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെപേരിൽ ചൊവ്വാഴ്ച വൈകീട്ട് ഐഷിയെ അറസ്റ്റുചെയ്യാൻ ഡൽഹി പോലീസ് സി.പി.എം. ആസ്ഥാന മന്ദിരമായ എ.കെ.ജി. ഭവനിലെത്തിയത് വിവാദമായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് സ്‌റ്റേ ചെയ്യുകയുണ്ടായി. ഡൽഹിയിലെ വിദ്യാർഥി സമരത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് പഴയ കേസിൽ വാറണ്ടുമായി ഐഷിയെ തേടി ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ എ.കെ ജി ഭവനിൽ അടക്കം പോലീസ് എത്തിയത്.
ജന്തർമന്തറിൽ സമരമുഖത്തുണ്ടായിരുന്നപ്പോഴൊക്കെയും വാറന്റ് നിലവിലുണ്ടായിരുന്നതാണെന്നും അപ്പോൾ അറസ്റ്റിനു മുതിരാതെ ഇപ്പോൾ നടപടിയുണ്ടാകുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും കോടതിയിൽനിന്ന് സ്റ്റേ ലഭിച്ചശേഷം ഐഷി പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സമരക്കാർക്കുനേരേ കേസുണ്ടാകില്ലെന്ന് ഒരുവശത്ത് ഉറപ്പുനൽകിയശേഷം പഴയ കേസുകളെ ആയുധമാക്കുന്നുവെന്നും അവർ പറഞ്ഞു.
വാറന്റ് റദ്ദാക്കാനുള്ള അപേക്ഷ കോടതിയിൽ നൽകുമെന്ന് നേരത്തേ പോലീസുകാരെ അറിയിച്ചിരുന്നു. അപ്പോൾ ശരിയെന്നുപറഞ്ഞ പോലീസ് ധൃതിയിൽ അറസ്റ്റിന് മുതിർന്നു. താൻ പോകുന്നയിടമെല്ലാം പോലീസ് നിരീക്ഷിക്കുന്നുണ്ടാകണം. വിദ്യാർഥിനേതാവായതിനാൽ തന്റെ ഫോൺ പോലീസ് ടാപ്പുചെയ്യുന്നുണ്ടെന്ന സംശയമുണ്ടെന്നും ഐഷി ആരോപിച്ചു.
Content Highlights: Patiala House Court cancels two non-bailable warrants against Aishe Ghosh., Warrants were linked to the 2021 protest at Bengal Bhawan, Delhi., Aishe Ghosh appeared in court and paid a fine of 1000 rupees., Aishe Ghosh alleges political vendetta and police surveillance., Controversy arose after police arrived at AKG Bhawan to arrest her.