‘ആൾക്കൂട്ടം വലിച്ചിഴച്ചു, കല്ലെറിഞ്ഞു’; പ്രതിഷേധക്കാർ പോലീസുകാരെ ഉന്നംവെച്ചതായി ഡൽഹി പോലീസ്

#ന്യൂസ് ഡെസ്ക്
സിജെപി പ്രതിഷേധത്തിൽ പരിക്കേറ്റ പോലീസുകാർ | Photos: AFP, ANI
സിജെപി പ്രതിഷേധത്തിൽ പരിക്കേറ്റ പോലീസുകാർ | Photos: AFP, ANI

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (CJP) പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെയുണ്ടായ അക്രമത്തിലും സംഘർഷത്തിലും മനഃപൂർവം ആക്രമിക്കപ്പെട്ടതായി ആരോപണം ഉന്നയിച്ച് ഡൽഹി പോലീസ്. പ്രതിഷേധക്കാർ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ ബോധപൂർവ്വം ലക്ഷ്യമിട്ടതായും കല്ലെറിഞ്ഞതായും സ്ഥലത്ത് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചതായും പരിക്കേറ്റ ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർ ആരോപിച്ചു.

പാർലമെന്റിൽ മൺസൂൺ സമ്മേളനം നടക്കുന്നതിനിടെയാണ് സി.ജെ.പിയുടെ പ്രതിഷേധ മാർച്ച് നടന്നത്. അതുകൊണ്ടുതന്നെ പോലീസ് സ്ഥലത്തെ സുരക്ഷയും കടുപ്പിച്ചിരുന്നു. താൻ ന്യൂഡൽഹി ജില്ലാ പോലീസിനൊപ്പം ക്രമസമാധാന ചുമതലയിലായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണറെ (ഡി.സി.പി.) അനുഗമിക്കുന്ന സുരക്ഷാ സംഘത്തിന്റെ ഭാഗമായാണ് നിയോഗിക്കപ്പെട്ടതെന്നും പരിക്കേറ്റ സബ് ഇൻസ്‌പെക്ടർ ശ്രീനിവാസ് ശർമ്മ പറഞ്ഞതായി സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

പ്രതിഷേധക്കാരുമായി സംസാരിക്കാനും സമാധാനം നിലനിർത്താൻ അവരെ പ്രേരിപ്പിക്കാനും ഡി.സി.പി. ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം പെട്ടെന്ന് അക്രമാസക്തരായതെന്ന് അദ്ദേഹം പറയുന്നു. 'എന്നെ ആക്രമിക്കുന്നതിന് മുമ്പ് അവർ പോലീസുകാരെ പിടിക്കൂ, അവരെ തല്ലൂ ('Police waalo ko pakdo aur maaro') എന്ന മുദ്രാവാക്യങ്ങൾ മുഴക്കി.' ശർമ അവകാശപ്പെട്ടു. പ്രതിഷേധക്കാർ തനിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും നേരെ കല്ലെറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനക്കൂട്ടം പോലീസ് ബാരിക്കേഡുകൾ തകർത്ത് ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡി.സി.പിയെ സംരക്ഷിക്കാനും അദ്ദേഹത്തെ സ്ഥലത്തുനിന്നു സുരക്ഷിതമായി ഒഴിപ്പിക്കാനും ശ്രമിക്കുന്നതിനിടെ ബാരിക്കേഡുകൾ കൊണ്ട് അടിയേറ്റാണ് ശർമ്മയ്ക്ക് പരിക്കേറ്റത്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ആസ്ഥാനത്തിന് സമീപമുള്ള പ്രദേശത്തുനിന്ന് ചന്ദ്രശേഖറിനെയും ഭീം പാർട്ടി അംഗങ്ങളെയും പോലീസ് മാറ്റുന്നതിനിടെ അക്രമം രൂക്ഷമായതായും ഉദ്യോഗസ്ഥൻ ആരോപിച്ചു.

'ഔദ്യോഗിക ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ ജനക്കൂട്ടം എന്നെ വളയുകയും മർദിക്കുകയും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു.' ആക്രമണത്തിനിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും എന്നാൽ, താൻ കുഴഞ്ഞുവീണതിന് പിന്നാലെ ഏതാനും പ്രതിഷേധക്കാർ സഹായിക്കാൻ മുന്നോട്ടുവന്നുവെന്നും ശർമ കൂട്ടിച്ചേർത്തു.

സംഭവത്തിൽ പോലീസ് കേസെടുക്കുകയും പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും എതിരായ നടപടികൾ ശക്തമാക്കുകയും ചെയ്തു. തിങ്കളാഴ്ച സി.ജെ.പി. നടത്തിയ വമ്പിച്ച 'സൻസദ് ചലോ' പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കുറഞ്ഞത് അഞ്ച് എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ എഫ്‌.ഐ.ആറുകൾ തയ്യാറാക്കി വരികയുമാണ്. തിങ്കളാഴ്ച കൊണാട്ട് പ്ലേസിലുണ്ടായ സംഘർഷത്തെത്തുടർന്ന് തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

കേന്ദ്രവുമായുള്ള ചർച്ചകളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്ന് പ്രതിഷേധക്കാർ സൂചിപ്പിച്ചു. പോലീസ് പറയുന്നതനുസരിച്ച്, പാർലമെന്റ് സമ്മേളനത്തിനിടെ ന്യൂഡൽഹി ജില്ലയിൽ അനധികൃതമായി ഡ്രോൺ പറത്തിയതിനാണ് ഒരു എഫ്‌.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുള്ള ക്രിമിനൽ ഗുഢാലോചന കുറ്റത്തിനാണ് രണ്ടാമത്തെ എഫ്‌.ഐ.ആർ. 

അന്വേഷണത്തിനിടെ സുപ്രധാന തെളിവുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് എഫ്‌.ഐ.ആറുകൾ കൂടി ഫയൽ ചെയ്തിട്ടുണ്ട്. 

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്തിയ 'സൻസദ് ചലോ' മാർച്ചാണ് പ്രതിഷേധത്തന് വഴിമാറിയത്. സംഘർഷം പടർന്നതോടെ പോലീസ് പല തവണ കണ്ണീർവാതകം പ്രയോഗിച്ചു. പോലീസ് അമിതബലം പ്രയോഗിച്ചതായി ആരോപണമുയരുകയും പ്രതിഷേധക്കാർ അക്രമം നടത്തിയതായി പോലീസ് പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തു.

ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തു, സെൻട്രൽ ഡൽഹിയിലുടനീളം വ്യാപകമായ തടസ്സങ്ങൾ ഉണ്ടായി. പാർലമെന്റ് നടപടികൾ ആവർത്തിച്ച് തടസ്സപ്പെട്ടതോടെ വിവിധ രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ പ്രതികരിച്ചു. തിങ്കളാഴ്ചത്തെ പ്രകടനത്തിനിടെ കൊണാട്ട് പ്ലേസിലെ ഔട്ടർ സർക്കിളിലുള്ള റീഗൽ സിനിമാ ഹാളിന് സമീപം പ്രതിഷേധക്കാർ പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞതായും പോലീസ് ആരോപിച്ചു.

Content Highlights: Sub-Inspector Srinivas Sharma alleges targeted violence by CJP protesters. Police register five FIRs including charges under Bharatiya Nyaya Sanhita (BNS). Protesters marched towards Parliament demanding Education Minister's resignation. Clashes reported near Regal Cinema and Connaught Place during the 'Sansad Chalo' march.