ഡൽഹി കെട്ടിടദുരന്തം; ആദ്യമെത്തി ഞൊടിയിടയിൽ രക്ഷാപ്രവർത്തനം, ദ്രുതകർമസേനയായി ജെൻസീകൾ

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | AP
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | AP

ന്യൂഡൽഹി: ഞായറാഴ്ച ഡൽഹിയിൽ അഞ്ചുനിലക്കെട്ടിടം ഇടിഞ്ഞുവീണിടത്ത് ആദ്യമെത്തി ഞൊടിയിടയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത് 'ജെൻസീ'കൾ. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിലുള്ള ഏഴ് കോേളജുകളിലെ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലമായതിനാൽ സംഭവസ്ഥലത്ത് ആദ്യമെത്തിയതും അവർ തന്നെ. കൈയിൽക്കിട്ടിയ ആയുധങ്ങളുമായി അയൽക്കാർ കെട്ടിടാവശിഷ്ടങ്ങൾ നീക്കുമ്പോൾ വിദ്യാർഥികളും കൈമെയ് മറന്ന് ഒപ്പംചേർന്നു. ആദ്യം പുറത്തെടുത്തവരെ സ്വകാര്യ കമ്പനിയുടെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്കയച്ചതും വിദ്യാർഥികളുടെ ബുദ്ധിയായിരുന്നു.

ബുക്ക് ചെയ്ത് മിനിറ്റുകൾക്കകം ആംബുലൻസെത്തിയെന്ന് മോത്തിലാൽ നെഹ്‌റു കോളജ് വിദ്യാർഥി ഹർഷിത് പറഞ്ഞു. വിവരമറിഞ്ഞ് ആദ്യമെത്തി രക്ഷാപ്രവർത്തനം നടത്തിയവരുടെ കൂട്ടത്തിൽ ഹർഷിത്തുണ്ടായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയുമടങ്ങുന്ന അധികൃതരെത്തിയത് ഒരു മണിക്കൂറിനു ശേഷമാണ്. അപ്പോഴേക്കും നാലു പേരെ തങ്ങൾ ആപ് അധിഷ്ഠിത ആംബുലൻസ് സർവീസ് വഴി ആശുപത്രിയിലയച്ചുവെന്നും ബിഹാർ സ്വദേശിയായ ഹർഷിത് പറഞ്ഞു.

നിരവധി മലയാളികൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. എന്നാൽ ഇടിഞ്ഞുവീണ കെട്ടിടത്തിൽ മലയാളികളുള്ളതായി അറിവില്ലെന്ന് കാസർകോട്‌ സ്വദേശിയും ഭഗത് സിങ് കോളജ് വിദ്യാർഥിയുമായ മുബാഷ് പറഞ്ഞു.

പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ച് രക്ഷാപ്രവർത്തന വാഹനങ്ങൾക്കായി വഴിയൊരുക്കിയതും വിദ്യാർഥികളാണ്. റോഡിൽ മനുഷ്യച്ചങ്ങല തീർത്താണ് ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്.

Content Highlights: A five-storey building collapsed in Delhi near South Campus., Delhi University (Gen Z) students were first to arrive and lead rescue operations., Students used app-based ambulance services to rush injured victims to hospitals within minutes., Students managed traffic and formed human chains to clear paths for emergency vehicles before authorities arrived.