തുർക്കി നിർമിത തോക്കുകൾ ഇന്ത്യയിലെത്തിച്ച അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം അറസ്റ്റിൽ; പ്രതികൾക്ക് ISI-യുമായി ബന്ധം

ന്യൂഡല്‍ഹി: ചൈനയിലും തുര്‍ക്കിയിലും നിര്‍മിച്ച ആയുധങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പോലീസ് തകര്‍ത്തു. സംഘത്തിലെ നാല് പ്രധാനികളെ പോലീസ് അറസ്റ്റുചെയ്തു. വിലകൂടിയ 10 വിദേശനിര്‍മിത പിസ്റ്റളുകളും 92 വെടിയുണ്ടകളും ഇവരില്‍നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ളവര്‍ക്കാണ് ഇവ വിതരണം ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്താന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായി (ഐഎസ്‌ഐ) ബന്ധമുള്ള ഈ സംഘം, ചൈനയിലും തുര്‍ക്കിയിലും നിര്‍മിച്ച മുന്തിയ ഇനം പിസ്റ്റളുകള്‍ പാകിസ്താന്‍ വഴി ഇന്ത്യയിലേക്കെത്തിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇവര്‍ വിറ്റ ആയുധങ്ങളും വാങ്ങിയ ആളുകളും സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. സംഘത്തിലെ മറ്റു അംഗങ്ങളെക്കുറിച്ചും വിവരം തേടുന്നുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ പത്തിന് ഉമര്‍ മുഹമ്മദ് എന്ന ചാവേര്‍ ഓടിച്ച ഹ്യുണ്ടായ് i20 കാര്‍ പൊട്ടിത്തെറിച്ച് 15 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlights: Delhi Police Uncover Major China-Turkey Arms Smuggling Ring Linked to Pakistan ISI