'ഹിന്ദുകുടുംബങ്ങളിലെ പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം';അമ്മയുടെയും മകൻ്റെയും ഹർജിയിൽ നോട്ടീസ്

ന്യൂഡൽഹി: ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉണ്ടെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ്മാരായ പങ്കജ് മിത്തൽ, എസ്.വി. ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കോഴിക്കോട് നമ്പിടി പറമ്പത്ത് തറവാട്ടിലെ സ്വത്ത് ഭാഗംവെയ്ക്കലുമായി ബന്ധപ്പെട്ട കേസിലാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവുണ്ടായത്. പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് തറവാട്ടിലെ പെൺമക്കളായ എൻ.പി. രജനി, എൻ.പി. രമണി, എൻ.പി. രാജേശ്വരി, എൻ.പി. റതിബ എന്നിവരും കുടുംബവുമാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ പെൺമക്കൾക്കു തുല്യാവകാശമുണ്ടെന്ന് വിധിക്കുകയായിരുന്നു.
2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം അനുസരിച്ച് എല്ലാ മക്കൾക്കും പൂർവിക സ്വത്തിൽ തുല്യാവകാശം ഉണ്ടായിരിക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. 2005 ന് മുമ്പ് ഭാഗം വയ്ക്കൽ പൂർത്തത്തിയാകാത്ത ഹിന്ദു കൂട്ട് കുടുംബങ്ങളിൽ 1976 ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് നമ്പിടി പറമ്പത്ത് തറവാട്ടിലെ അമ്മ രാധ നമ്പിടി പറമ്പത്ത്, മകൻ എൻ.പി. പ്രബീഷ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകരായ വി ചിദംബരേഷ്, ശ്യാം പദ്മൻ, അഭിഭാഷകൻ ജയ്മോൻ ആൻഡ്രൂസ്, പിയോ ഹർലോഡ് ജയ്മോൻ എന്നിവർ ഹാജരായി.
Content Highlights: Supreme Court sends notice on a plea challenging Kerala HC verdict granting daughters equal rights in ancestral property. Details here.