‘ഹണിമൂൺ ദുരന്തം’; ബാർബിക്യൂ ചെയ്യുന്നതിനിടെ തീപ്പിടിത്തം, നവവധുവിന് ഗുരുതരപരിക്ക്, ഞെട്ടിക്കുന്ന ദൃശ്യം

കൊൽക്കത്ത: സ്വപ്നതുല്യമായ ഹണിമൂൺ നിമിഷങ്ങൾ കണ്ണടച്ചുതുറക്കുംമുമ്പ് ദുരന്തമായി മാറി. പശ്ചിമ ബംഗാളിലെ ഡാർജിലിങ് മലനിരകളിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതിമാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ താമസിച്ചിരുന്ന ഒരു ഹോംസ്റ്റേയിൽ ബാർബിക്യൂ സെഷനിടെയുണ്ടായ തീപിടിത്തത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ഞെട്ടലുണ്ടാക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഉത്തർ ദിനാജ്പുർ ജില്ലക്കാരായ നികിതയും ഭർത്താവ് സൗവിക്കുമാണ് ഹണിമൂൺ ആഘോഷിക്കാനായി ഡാർജിലിങ്ങിൽ എത്തിയത്. ഏകദേശം രണ്ട് മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ഹണിമൂണിനായി എത്തിയ ദമ്പതികൾ മലയോര പ്രദേശത്തെ ഒരു ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്.
സെപ്റ്റംബർ 13-ന് രാത്രിയിലാണ് സംഭവം നടക്കുന്നത്. ഹോംസ്‌റ്റേയിൽ ഇവർ ഒരു ബാർബിക്യൂ പരിപാടി സംഘടിപ്പിച്ചിരുന്നു. ബാർബിക്യൂവിനരികിൽ ദമ്പതികൾ ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഒരാൾ തീ കത്തിക്കുന്നതിനായി ഒരു ക്യാനിലുള്ള ദ്രാവകം അതിലേക്ക് ഒഴിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. നിമിഷങ്ങൾക്കുള്ളിൽ തീ പെട്ടെന്ന് ആളിക്കത്തുകയും തീജ്വാലകൾ നികിത ദാസിനെ വിഴുങ്ങുകയും ചെയ്തു.
ഭർത്താവും മറ്റൊരു വ്യക്തിയും നികിതയെ ഉടൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ദൃശ്യങ്ങളിലുണ്ട്. അതേസമയം സംഭവത്തെ തുടർന്ന് ഹോംസ്റ്റേ അധികൃതർക്ക് പ്രാഥമിക വൈദ്യസഹായം നൽകാൻ കഴിഞ്ഞില്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
നികിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് സിലിഗുരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച നടന്ന ഈ ദാരുണ സംഭവം റിസോർട്ടിൽ പരിഭ്രാന്തി പരത്തുകയും ഹോംസ്റ്റേകളിലെ അഗ്‌നിസുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അടിയന്തര വൈദ്യസഹായ സംവിധാനങ്ങളെക്കുറിച്ചും ഗൗരവമായ സുരക്ഷാ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.
Content Highlights: Newlywed bride Nikita Das suffered severe burns during a honeymoon BBQ in Darjeeling., Incident occurred on September 13 at a homestay in Sitong, caught on CCTV., Family alleges homestay lacked basic first aid and emergency medical response., Victim shifted to an ICU in Siliguri for intensive medical treatment.