ആര്‍ വാല്യൂ കുറയുന്നു; രാജ്യത്തെ കോവിഡ് തരംഗം രണ്ടാഴ്ചക്കുള്ളില്‍ മൂര്‍ധന്യത്തിലെത്തും- പഠനം

ചെന്നൈ: രാജ്യത്ത് നിലവിലെ കോവിഡ് തരംഗം അടുത്ത 14 ദിവസത്തിനുള്ളില്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി സംഘം. ജനുവരി 14 മുതല്‍ 21 വരെയുള്ള ആഴ്ചയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് സൂചിപ്പിക്കുന്ന ആര്‍ വാല്യൂ 1.57 ആയി കുറഞ്ഞുവെന്നും ചെന്നൈ ഐഐടിയുടെ പ്രാഥമിക പഠനത്തില്‍ പറയുന്നു.
ജനുവരി 14 നും 21 നും ഇടയില്‍ ആര്‍ വാല്യൂ 1.57 ആയി രേഖപ്പെടുത്തിയപ്പോള്‍ ജനുവരി ഏഴിനും 13 ഇടയില്‍ ഇത് 2.2 ഉം അതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ നാല് ആയും രേഖപ്പെടുത്തിയതായി ചെന്നൈ ഐഐടിയുടെ വിശകലന റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഒരു ജനസംഖ്യയില്‍ രോഗം എത്ര വേഗത്തില്‍ പടരുന്നു എന്നതിന്റെ സൂചകമായ ആര്‍ വാല്യൂ മെട്രോ നഗരങ്ങളിലെല്ലാം കുറയുകയാണെന്നും പഠനം സൂചിപ്പിക്കുന്നു. ചെന്നൈയില്‍ 1.2, മുംബൈയില്‍ 0.67, ഡല്‍ഹി 0.98, കൊല്‍ക്കത്ത 0.56 എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുംബൈയിലേയും കൊല്‍ക്കത്തയിലേയും ആര്‍ വാല്യൂ സൂചിപ്പിക്കുന്നത് അവിടെ കോവിഡ് വ്യാപനത്തിന്റെ പീക്ക് കഴിഞ്ഞുവെന്നാണെന്ന് മദ്രാസ് ഐഐടിയിലെ ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജയന്ത് ഝാ പറഞ്ഞു. ഫെബ്രുവരി 6 നുള്ളില്‍ ഇന്ത്യയില്‍ നിലവിലെ കോവിഡ് തരംഗം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Current COVID-19 wave likely to peak by February 6: IIT Madras study
Content Highlights: