സിജെപി സമരത്തെ പരിഹസിച്ച് പോസ്റ്റ്, സോഷ്യൽ മീഡിയയിൽ പ്രതിഷേധം; CRPF ഉദ്യോഗസ്ഥയോട് വിശദീകരണം തേടും

#ന്യൂസ് ഡെസ്‌ക്
സോണിയ സെഹ്രാവത്ത് | Photo: IANS video screengrab and https://www.facebook.com/sonia.sehrawat.902
സോണിയ സെഹ്രാവത്ത് | Photo: IANS video screengrab and https://www.facebook.com/sonia.sehrawat.902

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തെ നേരിട്ട സംഘത്തിലെ സൈനിക ഓഫീസർ സോണിയാ സെഹ്‌രാവത്തിന്റെ സോഷ്യൽമീഡിയ ഇടപെടലുകളിൽ വിശദീകരണം ആരായാൻ സിആർപിഎഫ് തീരുമാനിച്ചതായി റിപ്പോർട്ട്. സോണിയ ഇക്കഴിഞ്ഞ ദിവസം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വലിയ വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി.

‘സ്വയം നന്നാകാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു’ എന്ന കുറിപ്പോടെ ചത്തുകിടക്കുന്ന പാറ്റയുടെ ചിത്രമായിരുന്നു സോണിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് വലിയ പ്രതിഷേധത്തിനും വിമർശനത്തിനുമാണ് വഴിതെളിച്ചത്. പിന്നാലെയാണ് സിആർപിഎഫ് നടപടിയിലേക്ക് നീങ്ങുന്നത്.

ഹരിയാണ സ്വദേശിനിയായ സോണിയ, സിആർപിഎഫിന്റെ സ്‌പെഷലൈസ്ഡ് വിഭാഗമായ ആർഎഎഫിലെ അസിസ്റ്റന്റ് കമാൻഡന്റാണ്. ഇൻസ്റ്റഗ്രാം താരംകൂടിയായ ഇവർക്ക് ആറുലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. ജൂലൈ ഇരുപതാം തീയതി സിജെപി നടത്തിയ പാർലമെന്റ് മാർച്ച് നിയന്ത്രിക്കുന്നതിനിടെ സോണിയക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പിറ്റേന്നാണ് സാമൂഹികമാധ്യമത്തിൽ ചർച്ചയായ ഫോട്ടോ പങ്കുവെച്ചത്. അൽപസമത്തിനകം പോസ്റ്റ് പിൻവലിച്ചു. വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്.

വിഷയത്തിൽ സിആർപിഎഫ് പ്രാഥമിക വിലയിരുത്തൽ നടത്തിയെന്നും സേനയുടെ സാമൂഹികമാധ്യമ ഉപയോഗ ചട്ടം ലംഘിച്ചതായി സൂചന ലഭിച്ചെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു. സോണിയയുടെ വിശദീകരണം ലഭിച്ച ശേഷം മാത്രമേ വിഷയത്തിൽ തുടർനടപടി സ്വീകരിക്കൂ. ഉന്നതോദ്യോഗസ്ഥർ സോണിയയോട് വിശദീകരണം തേടുമെന്നും ഇക്കാര്യം അവരെ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.

Content Highlights: RAF Assistant Commandant Sonia Sehrawat faces inquiry over a controversial Instagram post., The post appeared to mock the CJP protest held in July., CRPF officials deemed the post a potential violation of social media conduct rules., Formal explanation sought from the officer before further disciplinary action.