കേന്ദ്രകമ്മിറ്റിയോഗത്തിന് അവധി നൽകി സി.പി.എം.; നേതാക്കൾ ഇന്ന് സമരത്തിന്

#സ്വന്തം ലേഖകൻ
എം.എ. ബേബി പ്രതിഷേധത്തിനിടെ | ഫോട്ടോ - പി.ടി.ഐ.
എം.എ. ബേബി പ്രതിഷേധത്തിനിടെ | ഫോട്ടോ - പി.ടി.ഐ.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്‌കുമാറിനുനേരേ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിന് ശനിയാഴ്ച അവധിനൽകി. യോഗം നിർത്തിെവച്ച് കേന്ദ്രകമ്മിറ്റിയംഗങ്ങൾ സമരത്തിൽ അണിനിരക്കുമെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി പത്രസമ്മേളനത്തിൽ അറിയിച്ചു.

പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുകയാണ് മറ്റെന്തിനെക്കാളും മുഖ്യം. പ്രക്ഷോഭം നടക്കുമ്പോൾ അതിൽ പങ്കാളികളാവുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അതിനാലാണ് യോഗം മാറ്റിവെക്കുന്നതെന്നും ബേബി പറഞ്ഞു.

പ്രക്ഷോഭത്തെ നേരിടാൻ യുദ്ധസമാനമായ സാഹചര്യമാണ് ഡൽഹിയിൽ കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകളുടെ നഗരമായി ഡൽഹിയെ മാറ്റി. ഇതിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിൽ ഭാഗികമായ ആശ്വാസം സുപ്രീംകോടതിയിൽനിന്ന് ലഭിച്ചു.

എസ്.എഫ്.ഐ.യുടെ വൈസ് പ്രസിഡന്റ് സത്യ ഷായെ ഉൾപ്പെടെ ഗുജറാത്തിൽ വീട്ടുതടങ്കലിലാക്കി പോലീസ് ഭയപ്പെടുത്തുകയാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത എസ്.എഫ്.ഐ. ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു. എസ്.എഫ്.ഐ. ഓഫീസുകൾ പോലീസ് റെയ്ഡ് ചെയ്യുകയാണ്. വലതുതീവ്രവാദസംഘടനകളെ ഇറക്കിയും ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിൽ സർക്കാർ നേരിട്ട് കുഴപ്പങ്ങളുണ്ടാക്കിയതുകൊണ്ടൊന്നും യുവാക്കളെ നിശ്ശബ്ദരാക്കാനാകില്ല - ഐഷി ഘോഷ് പറഞ്ഞു.

ശനിയാഴ്ചത്തെ ജന്തർമന്ദർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാവിലെ സമരവേദിയിലേക്ക് നീങ്ങും. മുതിർന്ന പി.ബി അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തേക്കും.

Content Highlights: CPM central committee meeting paused on Saturday for protests., General Secretary MA Baby announced participation in the Delhi agitation., Protests target the Chief Election Commissioner., Allegations of police harassment against SFI leaders like Satya Shah and Aishe Ghosh., Senior leaders including Pinarayi Vijayan expected at Jantar Mantar protest.