സിപിഐ എംഎല്ലിന് കൂടുതല്‍ സീറ്റ് വേണം, കോണ്‍ഗ്രസ് അതാലോചിക്കണം - ഭട്ടാചാര്യ

ബിജെപിയെ നേരിടാന്‍ 2020-ല്‍ രാഷ്ട്രീയ വൈരികളായിരുന്ന ആര്‍ജെഡിയുമായും കോണ്‍ഗ്രസ്സുമായും കൈ കോര്‍ത്ത് ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാവുകയും എല്ലാവരെയും ഞെട്ടിച്ച്, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പത്തൊമ്പതില്‍ പന്ത്രണ്ട് സീറ്റുകള്‍ നേടുകയും ചെയ്ത പാര്‍ട്ടിയാണ് ദീപാങ്കര്‍ ഭട്ടാചാര്യ ജനറല്‍ സെക്രട്ടറിയായ സിപിഐ എംഎല്‍. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഭട്ടാചാര്യയെയും പാര്‍ട്ടിയെയും പ്രേരിപ്പിച്ചത് ഒരൊറ്റ കാരണമാണ്-ജനാധിപത്യം നിലനിര്‍ത്താന്‍ ഈ അവസരം ഉപയോഗിച്ചേ പറ്റൂ എന്ന നയം. എംഎല്ലിനെ വിജയിപ്പിച്ചാല്‍ ബിഹാറില്‍ മാവോവാദം തിരിച്ചുവരുമെന്ന ബിജെപിയുടെ പ്രചാരണമെല്ലാം അപ്രസക്തമാക്കിയായിരുന്നു, ജനം ഭട്ടാചാര്യയുടെ പാര്‍ട്ടിക്ക് ചുവപ്പുപരവതാനി വിരിച്ചത്. എഴുപത് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് അന്ന് നേടിയത് 19 സീറ്റുകള്‍ മാത്രമല്ലായിരുന്നുവെങ്കില്‍ ബിഹാറിന്റെ ഭരണം മഹാസഖ്യത്തിന്റെ കൈപ്പിടിയിലാവുമായിരുന്നു. അതിനാല്‍ത്തന്നെ, കോണ്‍ഗ്രസ്സിന്റെയടക്കം കൈകളിലുള്ള കുറച്ചുസീറ്റുകള്‍ കൂടി തങ്ങള്‍ക്ക് ഇത്തവണ കൈമാറണമെന്നാണ് ഭട്ടാചാര്യയുടെയും പാര്‍ട്ടിയുടെയും മഹാസഖ്യത്തോടുള്ള ആവശ്യം.
നാല്‍പ്പത്തഞ്ചോളം സീറ്റുകളാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനോട് സിപിഐ എംഎല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുപ്പതു സീറ്റെങ്കിലും കിട്ടിയാല്‍ സിപിഐ എംഎല്‍ തൃപ്തരാവും എന്നാണ് ലഭിക്കുന്ന വിവരം. കുറച്ചുസീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിനെ മാറ്റൂ, ബിഹാറിനെ മാറ്റൂ എന്ന പദയാത്ര നടത്തി പാര്‍ട്ടിയുടെ സാന്നിധ്യം താഴെത്തട്ടിലെത്തിച്ച സിപിഐ എംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയുമായി മാതൃഭൂമി പ്രതിനിധി പ്രകാശന്‍ പുതിയേട്ടി നടത്തിയ അഭിമുഖം.
? ബിഹാറില്‍ മഹാസഖ്യത്തിന്റെ പ്രതീക്ഷ എത്രത്തോളമാണ്.
= ഈ തിരഞ്ഞെടുപ്പ് മാറ്റത്തിന്റേതാവും. 2020-ല്‍ എന്‍ഡിഎയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷം കിട്ടിയില്ല. നമ്മള്‍ അവരെ മാറ്റിയതിന് അടുത്തെത്തി. അന്നുമുതല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശവും പ്രവര്‍ത്തിക്കാത്തതുമാണ്. ജനങ്ങള്‍ക്കിടയില്‍ ദേഷ്യവും കാലുഷ്യവുമുണ്ട്. യുവാക്കള്‍ക്കിടയിലെ വികാരം നേപ്പാളിന് സമാനമാണ്. നേപ്പാളില്‍ വെടിവെപ്പുണ്ടായെങ്കില്‍ ഇവിടെ അതില്ല എന്ന വ്യത്യാസമേയുള്ളൂ. സര്‍ക്കാരിന് വിശ്വാസ്യതയില്ല. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് മാറ്റത്തിനാവും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്കിപ്പോഴും ആരുടെ പേര് വോട്ടര്‍പട്ടികയിലുണ്ടെന്ന് വ്യക്തമല്ല. അനിശ്ചിതത്വവും ആശങ്കയും സര്‍ക്കാരിനെതിരേയുള്ള ജനങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തും.
? കോണ്‍ഗ്രസ്സും നേതാവ് രാഹുല്‍ ഗാന്ധിയും എസ്‌ഐആറിനെതിരേ രൂക്ഷമായ ആരോപണങ്ങളുന്നയിക്കുന്നു, ഒപ്പം നിങ്ങളും. തോല്‍വി മുന്നില്‍ക്കണ്ടാണോ
= എസ്‌ഐആര്‍ മഹാസഖ്യത്തെ മാത്രം ബാധിക്കുന്നതല്ല. രാഹുല്‍ ഗാന്ധിയുടെ വോട്ടവകാശ യാത്ര, എല്ലാവരുടെയും വോട്ടവകാശത്തിന് വേണ്ടിയുള്ളതാണ്. ഭരണഘടനയ്‌ക്കെതിരേയുള്ള ആക്രമണമാണ് എസ്‌ഐആര്‍. ഇതിനകം തന്നെ 65 ലക്ഷം പേരുടെ വോട്ട് ഒഴിവാക്കി. വോട്ടൊഴിവാക്കലും കൂട്ടിച്ചേര്‍ക്കലും നടന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 2024-ല്‍ കണ്ടതുപോലുള്ള വ്യാജ വോട്ടര്‍പട്ടികയുണ്ടാവുന്നു. അതിനാലിത് വോട്ടുകവര്‍ച്ചയ്‌ക്കെതിരേയുള്ള പ്രചാരണമാണ്. ബിഹാറിലെ എസ്‌ഐആര്‍ വിരുദ്ധ പ്രചാരണം രാജ്യത്തിന് വേണ്ടിയാണ്. ഇതിവിടെ തുടങ്ങിയിട്ടേയുള്ളൂ. കേരളത്തിലും പശ്ചിമബംഗാളിലും അസമിലുമെല്ലാം വരാന്‍ പോകുന്നു. അതിനാല്‍ രാജ്യം മുഴുവന്‍ ഇതിനെതിരേ ഉണരണം. അതെന്തായാലും ഈ പരാജയപ്പെട്ട ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ ജനം താഴെയിറക്കും. മതിയായിടത്തോളം മതിയായി. 20 വര്‍ഷം, നാലു തവണ നിതീഷിന് അവസരം കിട്ടി. മോദിയും പിന്തുണ നല്‍കി.
? കഴിഞ്ഞ തവണ 19 സീറ്റില്‍ മത്സരിച്ച് 12 സീറ്റ് നേടിയതാണ് സിപിഐ എംഎല്‍. ഏറ്റവും കൂടുതല്‍ വിജയനിരക്ക്. ഇത്തവണ കൂടുതല്‍ സീറ്റ് മഹാസഖ്യത്തില്‍ നിന്ന് ലഭിക്കുമോ
=2020 മുതല്‍ തന്നെ സിപിഐ എംഎല്‍ കുറച്ച് സീറ്റിലാണ് മത്സരിച്ചതെന്നും കൂടുതല്‍ സീറ്റ് അവര്‍ക്ക് നല്‍കേണ്ടിയിരുന്നു എന്നുമുള്ള പൊതുധാരണ ബിഹാറിലുണ്ട്. എങ്ങിനെയാണ് സഖ്യകക്ഷികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് ഇതിനെ കാണുന്നതെന്നാണ് നോക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 70-ല്‍ മത്സരിച്ച് 19 സീറ്റാണ് നേടിയത്. നമ്മള്‍ 19-ല്‍ മത്സരിച്ച് 12-ഉം. അതിനാല്‍ കോണ്‍ഗ്രസ്സും ആര്‍ജെഡിയും ആണ് തീരുമാനിക്കേണ്ടത്. ഇന്ത്യ സഖ്യത്തിന് സുസ്ഥിര ഭൂരിപക്ഷം കിട്ടാന്‍ സീറ്റ് വിഭജന ഫോര്‍മുല ബിഹാറിന്റെ രാഷ്ട്രീയ രീതിക്കനുസൃതമാവണം. നമുക്ക് നോക്കാം.
? എത്ര സീറ്റിനാണ് ആവശ്യപ്പെട്ടത്.
= കഴിഞ്ഞ തവണ നമ്മള്‍ 30 ആവശ്യപ്പെട്ടപ്പോള്‍ 19 ആണ് ലഭിച്ചത്. ഇത്തവണ 40 സീറ്റാണ് ചോദിച്ചത്. നമ്മള്‍ കഴിഞ്ഞ തവണ 12 ജില്ലകളില്‍ മാത്രമാണ് മത്സരിച്ചത്. ഇത്തവണ കൂടുതല്‍ ജില്ലകളില്‍ മത്സരിക്കണം.
? എപ്പോഴാണ് സീറ്റു വിഭജനം പൂര്‍ത്തിയാവുക
= ഒക്ടോബര്‍ ആദ്യത്തോടെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് പൂര്‍ത്തിയാവും.
? കഴിഞ്ഞ തവണ കോണ്‍ഗ്രസ് പ്രകടനം മോശമായിരുന്നു. എന്നാലിത്തവണ രാഹുല്‍ ഗാന്ധി തന്നെ പ്രചാരണത്തിന് വോട്ടവകാശ യാത്രയിലൂടെയും മറ്റും ചുക്കാന്‍ പിടിക്കുന്നു
= കോണ്‍ഗ്രസ് വളരെ നന്നായി ശ്രമിക്കുന്നു. കഠിനമായി പ്രയത്‌നിക്കുന്നു. വോട്ടവകാശയാത്രയും പ്രവര്‍ത്തക സമിതിയോഗവുമെല്ലാം കോണ്‍ഗ്രസ് സന്ദേശം ജനങ്ങളിലെത്തിച്ചു. അതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് നന്നായി പ്രകടനം നടത്തുമെന്നാണ് വിശ്വാസം.
? കോണ്‍ഗ്രസ് താഴെത്തട്ടില്‍ ശക്തിപ്പെട്ടോ
= പെട്ടെന്ന് താഴെത്തട്ടില്‍ അത് പ്രതിഫലിക്കുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശം എല്ലായിടത്തും സമൂഹമാധ്യമങ്ങളിലൂടെയടക്കം എത്തുന്നു. എന്നാല്‍ സംഘടനാതലത്തില്‍ താഴെത്തട്ടില്‍ അത് പൂര്‍ണമായും ശക്തിപ്പെടുത്തുന്നതാണോ എന്ന് ഉറപ്പായിട്ടില്ല. എങ്കിലും താഴെത്തട്ടില്‍ കോണ്‍ഗ്രസ് പ്രകടനം മെച്ചമാക്കുമെന്ന് തന്നെയാണ് കരുതുന്നത്.
? മറ്റുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തളര്‍ച്ചയിലൂടെ സിപിഐഎംഎല്‍ ബിഹാറില്‍ വളരുകയാണല്ലോ.
= അങ്ങിനെ പറയാന്‍ പറ്റില്ല. സിപിഎമ്മിന്റെയോ സിപിഐയുടെയോ തകര്‍ച്ചയ്ക്ക് നമ്മള്‍ ഉത്തരവാദികളല്ല. അവരുടെ പ്രവൃത്തി കാരണമാണത്. നമ്മള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടുതല്‍ പ്രവര്‍ത്തന മേഖലയുണ്ടാക്കി. ജനങ്ങള്‍ക്കായി 50 വര്‍ഷത്തോളം സമരം ചെയ്തതിന്റെ ഫലമാണത്. അത്രയധികം കൂട്ടക്കൊലകള്‍, വര്‍ഷങ്ങളോളം ജയില്‍വാസം, ജനങ്ങള്‍ക്ക് വേണ്ടിയുള്ള നേതാക്കളുടെ ജീവത്യാഗം ഒക്കെ കാരണമാണ് വളര്‍ച്ച. പശ്ചിമബംഗാളിലും മറ്റും സിപിഎം ഇല്ലാതായതും ബിഹാറില്‍ സിപിഐ ഇല്ലാതായതും മറ്റൊരു കഥയാണ്. രാജ്യത്ത് ഫാസിസത്തിനെതിരേ കമ്യൂണിസ്റ്റുകള്‍ മുന്‍നിരയില്‍ പോരാടണമെന്നാണ് ഞങ്ങളുടെ നിലപാട്.
? എന്തുകൊണ്ടാണ് മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തളര്‍ന്നത്
= അത് അവര്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ഞാനതിനെക്കുറിച്ച് പറയേണ്ടതില്ല. വലതുപക്ഷത്തേക്ക് വലിയ തോതില്‍ ചായ്‌വ് ഉണ്ടായിട്ടുണ്ട്. എങ്കിലും ജനാധിപത്യവും ഭരണഘടനയും അക്രമിക്കപ്പെടുമ്പോള്‍, പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും അവകാശം കവര്‍ന്നെടുക്കപ്പെടുമ്പോള്‍, കമ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തനനിരതമാവണം. നമ്മള്‍ 1980-കളിലാണ് മത്സരരംഗത്തെത്തിയത്. നമ്മെ പിന്തുണക്കുന്നവരുടെ പേരുകള്‍ പോലും വോട്ടര്‍പട്ടികയിലുണ്ടായിരുന്നില്ല. അവര്‍ വോട്ടുചെയ്യാനാരംഭിച്ചപ്പോള്‍ തന്നെ വലിയ വില കൊടുക്കേണ്ടി വന്നു. 1989-ലെ തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട്, 22 ദളിതുകള്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് രംഗത്ത് കമ്യൂണിസ്റ്റുകള്‍ക്ക് നില്‍ക്കുക പ്രയാസമായിരുന്നു. ജനാധിപത്യസംവിധാനം നേരിട്ട് അക്രമിക്കപ്പെട്ടിരുന്നു. ഓരോ വോട്ടറും അക്രമിക്കപ്പെട്ടു. അതിനാല്‍ കമ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തെ പ്രതിരോധിക്കാന്‍ എന്നും മുന്നിലുണ്ടാവും.
? പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി വലിയ പ്രചാരണവുമായി രംഗത്തുണ്ട്. മഹാസഖ്യത്തെ ഇതെങ്ങിനെ ബാധിക്കും
= അത് വലിയ മാറ്റമുണ്ടാക്കില്ല. ഉപതിരഞ്ഞെടുപ്പില്‍ അവര്‍ നാലു സീറ്റില്‍ മത്സരിച്ചിരുന്നു. രണ്ടു സീറ്റില്‍ അയ്യായിരം വോട്ട് ലഭിച്ചു. രണ്ടു സീറ്റില്‍ 15,000-20,000 വോട്ട് ലഭിച്ചു. പ്രശാന്ത് കിഷോറിന് വലിയ സംവിധാനമുണ്ട്. ബിജെപിക്ക് ശേഷം ഇദ്ദേഹത്തിന് ഇത്രമാത്രം വിഭവങ്ങള്‍ എവിടെ നിന്ന് എന്ന കാര്യത്തില്‍ അത്ഭുതമുണ്ട്. ഒരു കാര്യം വ്യക്തമാണ്- തുടങ്ങിയ സമയത്ത് പ്രശാന്ത് കിഷോര്‍ ആര്‍ജെഡിയെ മാത്രമാണ് വലിയ തോതില്‍ ആക്രമിച്ചത്. എന്നാലിപ്പോള്‍ നിതീഷ് കുമാറിനെയും ആക്രമിക്കുന്നു. ബിജെപിയുടെ അഴിമതി പുറത്തുകൊണ്ടുവരുന്നു. മോദിയുടെ ദേശീയ രാഷ്ട്രീയത്തെ പ്രതിരോധിച്ച പ്രശാന്ത് കിഷോര്‍, ബിഹാറില്‍ അവരുമായും ബിജെപിയുമായും അകന്നുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണെന്ന് അതിനാല്‍ വ്യക്തമല്ല. ബിജെപിയെ ശക്തമായി വിമര്‍ശിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ബിഹാറില്‍ നിലനില്‍ക്കാനാവില്ലെന്ന് ഉറപ്പാണ്. അതാണ് ബിഹാറിന്റെ നിലപാട്.
? സീമാഞ്ചലില്‍ അസദുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യവും മഹാസഖ്യത്തിനല്ലേ ദോഷം ചെയ്യുക. മുസ്‌ലിം വോട്ടുകള്‍ വിഭജിക്കില്ലേ
= അവസാന തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഇരുപതില്‍ അഞ്ചു സീറ്റ് കിട്ടി. അവരില്‍ നാലുപേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ലോക്‌സഭയിലും അവര്‍ മത്സരിച്ചെങ്കിലും മികച്ച പ്രകടനമായിരുന്നില്ല. അവര്‍ക്ക് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ, വോട്ടര്‍മാരെയും അവര്‍ പരിഗണിക്കണം. ബിജെപിയെ എങ്ങിനെ തോല്‍പ്പിക്കണമെന്നായിരിക്കണം അവര്‍ ചിന്തിക്കേണ്ടത്. വോട്ടുവിഭജിക്കാനല്ല.
? ബിഹാറില്‍ നിന്നാണ് വലിയ തോതില്‍ കുടിയേറ്റ തൊഴിലാളികളുണ്ടാവുന്നത്. തൊഴിലാളി നേതാവെന്ന നിലയില്‍ ഇതിനെ എങ്ങിനെ കാണുന്നു
= ഈ പ്രതിഭാസം നൂറ്റാണ്ടുകളായുള്ളതാണ്. കൊളൊണിയല്‍ കാലത്തുപോലും അവര്‍ വെസ്റ്റ് ഇന്‍ഡീസിലും മൗറീഷ്യസിലും കയറ്റിയയക്കപ്പെട്ടു. ഇവിടെ തൊഴില്‍ ഇല്ലാത്തതിനാലല്ല ആളുകള്‍ പുറത്തേക്ക് പോകുന്നത്. പ്രധാനമായും കുറഞ്ഞ വേതനമായതിനാലാണ്. രാജ്യമെങ്ങും തൊഴിലാളികളുടെ വേതനം മെല്ലെ മാത്രം ഉയരുന്നതിന് കാരണം, അവിടങ്ങളിലെക്കാള്‍ കുറഞ്ഞ കൂലിയില്‍ തൊഴിലെടുക്കാന്‍ ബിഹാറില്‍ നിന്നുള്ളവരെ ലഭിക്കുന്നതിനാലാണ്. അതിനാല്‍ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് ബിഹാറില്‍ തൊഴിലവസരങ്ങളും ഉയര്‍ന്ന വേതനവും വരേണ്ടതുണ്ട്.
? എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇതില്‍ ഉത്തരവാദിത്വമില്ലേ
= തീര്‍ച്ചയായും. ഇതൊരു സുപ്രഭാതത്തിലുണ്ടായതല്ല. എല്ലാ രാഷ്ട്രീയക്കാര്‍ക്കും അതില്‍ അഭിപ്രായ സമന്വയമുണ്ടാവേണ്ടതുണ്ട്. നല്ല വിദ്യാഭ്യാസവും തൊഴിലവസരവും ലഭിക്കണം. ജാര്‍ഖണ്ഡ് വിഭജിച്ച ശേഷം ഖനികള്‍ ബിഹാറിലില്ല. അതിനാല്‍ ബിഹാറിന് പറ്റിയ വ്യവസായങ്ങള്‍ വരണം. സേവനമേഖലയിലും പൊതുമേഖലയിലും ആരോഗ്യരംഗത്തും മുന്നേറണം.
? ബിഹാറിപ്പോഴും ജാതി രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുകയല്ലേ. എപ്പോഴാണ് പുറത്തുവരിക
= ജാതി ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്. ജാതി സ്ഥിരമായതല്ല. ഇതും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യ ബ്ലോക്ക് കഴിഞ്ഞ ദിവസം അതിപിന്നാക്ക വിഭാഗത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. അവരുടെ അന്തസ് നിലനിര്‍ത്താനുള്ള ആവശ്യങ്ങളും മുന്നോട്ടുവെച്ചു. സാമൂഹിക-സാമ്പത്തിക നീതിക്ക് ഇത് ഇപ്പോഴും ആവശ്യമാണ്.
? പ്രഖ്യാപിക്കപ്പെട്ട സംവരണം തന്നെ അവര്‍ക്ക് ലഭിക്കുന്നുണ്ടോ
= അതും ശരിയാണ്. അതും വളരെ ചെറിയ തരത്തിലാണ്. അതിനാല്‍ പരിവര്‍ത്തനമാണാവശ്യം. അന്തസ്സും സമത്വവും ലഭിക്കണം. അതിനായാണ് പോരാടേണ്ടതും.
? അതിപിന്നാക്കവിഭാഗക്കാര്‍ക്കുള്ള സംവരണ പ്രഖ്യാപനം മഹാസഖ്യത്തിന് ഗുണം ചെയ്യുമോ
= തീര്‍ച്ചയായും. നമ്മള്‍ ജാതിസെന്‍സസ് നടത്തി 65 ശതമാനം സംവരണം പിന്നാക്കക്കാര്‍ക്ക് പ്രഖ്യാപിച്ചു. എന്നാല്‍ നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും അത് ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തുന്നതിനുള്ള നടപടി മുന്നോട്ടുനീക്കുന്നില്ല. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ ഒബിസിക്ക് 30 ശതമാനം സംവരണവും നമ്മള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ബിഹാറിലെ ജാതിസെന്‍സസ് കണക്ക് പ്രകാരം ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ മുന്നാക്കക്കാര്‍ക്ക് 100 ശതമാനം സംവരണമാണ് ലഭിക്കുന്നത്. അക്കാര്യത്തില്‍ വലിയ അപാകതകളുണ്ട്.
? നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേയുള്ള മഹാസഖ്യത്തിന്റെ പ്രധാന ആരോപണങ്ങളെന്താണ്
= ക്രിമിനലുകള്‍ക്ക് വേണ്ടിയുള്ള ക്രിമിനലുകളുടെ സര്‍ക്കാരാണിത്. ദുര്‍ഭരണമാണ് നടക്കുന്നത്. വികസനത്തിന്റെ പേരില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും കുടിയേറ്റവും ഉണ്ടാക്കുന്നു. സര്‍ക്കാര്‍ ജനങ്ങളെ കേള്‍ക്കുന്നില്ല. ജനങ്ങളെ അംഗീകരിക്കാത്ത, ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാര്‍ മാറണം. ബിജെപിയാണെങ്കില്‍ സ്ഥിരം വര്‍ഗീയതയുണ്ടാക്കുന്നു. ബംഗ്ലാദേശി എന്ന് വിളിച്ചാണിത്. വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയതില്‍ ഒരു ബംഗ്ലാദേശിയുമില്ല.
? ചെറുജാതി പാര്‍ട്ടികളുടെ സാന്നിധ്യം മഹാസഖ്യത്തിന് പ്രശ്‌നമല്ലേ
= ശരിയാണ്. നിതീഷ് കുമാര്‍ മഹാദളിതിനും മറ്റും വലിയ കാര്യങ്ങള്‍ ചെയ്തതായ പ്രചാരണമുണ്ട്. എന്നാല്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഇപ്പോള്‍ സര്‍ക്കാരിനെതിരേ രോഷത്തിലാണ്. പാവപ്പെട്ടവരും തൊഴിലാളികളും കുടിയേറ്റക്കാരും യുവാക്കളും സ്ത്രീകളും മാറ്റം ആഗ്രഹിക്കുന്നു. അതിനാല്‍ ജാതി സമവാക്യങ്ങളും മാറുമെന്നാണ് വിശ്വാസം.
? എന്തായിരിക്കും മഹാസഖ്യമുണ്ടാക്കിയാലുള്ള പ്രധാന പരിഗണന
= ക്രമസമാധാനം തിരിച്ചുകൊണ്ടുവരിക തന്നെയാവും. പിന്നീട് ജനകേന്ദ്രീകൃതമായ വികസനം. സാമൂഹിക നീതിയും സാമൂഹിക ഐക്യവും കൊണ്ടുവരും. നിതീഷ് കുമാര്‍ ആദ്യം ബിഹാറിന് പ്രത്യേക പരിഗണന കൊണ്ടുവരുമെന്നാണ് പറഞ്ഞത്. എന്നാലിപ്പോള്‍ മോദിയുമായി ചേര്‍ന്ന് കബളിപ്പിക്കുകയാണ്. ബിഹാറിന് അര്‍ഹമായത് ലഭിക്കണം.
? ഇത്തവണ അധികാരത്തിന്റെ ഭാഗമാവുമോ
= സാഹചര്യം പോലെ. അവസാന തിരഞ്ഞെടുപ്പില്‍ നമുക്ക് ഭൂരിപക്ഷം കിട്ടിയിരുന്നില്ല. നിതീഷ് കുമാര്‍ കാലും മാറി. ഇത്തവണ ഭൂരിപക്ഷം കിട്ടുകയും നല്ല സംഖ്യയുണ്ടാവുകയുമാണെങ്കില്‍, അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്, സര്‍ക്കാരിന്റെ ഭാഗമാവും. ആരോഗ്യരംഗത്തിനും വിദ്യാഭ്യാസരംഗത്തിനും ഗ്രാമീണമേഖലയ്ക്കുമായി സര്‍ക്കാരിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കും.