ഭിന്നിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ എത്രകാലം മുന്നോട്ടുപോകും – ഡി. രാജ

ന്യൂഡൽഹി: വർഗീയ ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കേണ്ടത് അനിവാര്യമായിരിക്കെ, ഇന്ത്യയിലെ വിഘടിച്ചുനിൽക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എത്രകാലം ഈ നിലയിൽ മുന്നോട്ടുപോകാനാകുമെന്ന് സിപിഐ ജനറൽസെക്രട്ടറി ഡി. രാജ. പ്രത്യയശാസ്ത്രപരമായി എന്താണ് നമ്മെ ഭിന്നിപ്പിച്ചുനിർത്തുന്ന ഘടകമെന്നും രാജ, സിപിഎം അടക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടികളോട് ചോദിച്ചു.
സിപിഐയുടെ നൂറാം വാർഷികദിനാചരണത്തിന്റെ ഭാഗമായിനടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണ വിഷയത്തിൽ പുതിയ ചർച്ചയ്ക്ക് രാജ തുടക്കമിട്ടത്.
എന്നാൽ, സിപിഐയുടെ ആവശ്യത്തോട് സിപിഎമ്മിന് യോജിപ്പില്ല. എന്നിട്ടും പാർട്ടിയുടെ രാഷ്ട്രീയപ്രമേയത്തിൽ ഈ അജൻഡ പതിവായി സിപിഐ അവതരിപ്പിക്കും. ഈ നിലപാട് അൽപ്പംകൂടി കടുപ്പിച്ചാണ് വെള്ളിയാഴ്ച ജന്മശതാബ്ദിദിനത്തിൽ രാജ, ഭിന്നിപ്പുതുടരുന്നതിന് പിന്നിലെ ചോദ്യമുയർത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം രാജ്യത്ത് യാഥാർഥ്യമായി. ഈ സ്ഥിതിക്ക് എത്രകാലം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വിഭജിച്ചുനിന്ന് മുന്നോട്ടുപോകാനാകുമെന്ന് രാജ ചോദിച്ചു. ഇക്കാര്യത്തിൽ മറ്റുപാർട്ടികളും ഗൗരവമായ ആത്മപരിശോധന നടത്തണം. അതില്ലാതെ ആർഎസ്എസ്-ബിജെപി ശക്തികളെ അധികാരത്തിൽനിന്ന് എങ്ങനെ പുറന്തള്ളാനാകും? ഇന്ത്യയുടെ വൈവിധ്യത്തെയാകെ ഇല്ലാതാക്കി ഒരു രാജ്യം, ഒരു നേതാവ് എന്ന നിലയിലേക്ക് ചുരുക്കിയെടുക്കാനാണ് ശ്രമം -രാജ പറഞ്ഞു.
സിപിഐ കേന്ദ്ര സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, അമർജിത് കൗർ, ആനിരാജ, പാർട്ടി ഡൽഹി സംസ്ഥാനസെക്രട്ടറി പ്രൊഫ. ദിനേശ് വാഷ്ണെ എന്നിവർ സംസാരിച്ചു. കാൻപുരിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്‌കൃതമായതിന്റെ നൂറാം വാർഷികദിനമായിരുന്നു വെള്ളിയാഴ്ച. 1925 ഡിസംബർ 25-നായിരുന്നു പാർട്ടി രൂപവത്കരണം. ജന്മശതാബ്ദിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബർ 26-ന് ആരംഭിച്ച പരിപാടികളാണ് വെള്ളിയാഴ്ച സമാപിച്ചത്.
എന്നാൽ, 1920-ൽ താഷ്കന്റിൽ ചേർന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ യോഗത്തെയാണ് രൂപവത്കരണവർഷമായി സിപിഎം കണക്കാക്കുന്നത്. അതിനാൽ, നൂറാം വാർഷികം അഞ്ചുവർഷംമുൻപ് സിപിഎം നടത്തി.
Content Highlights: CPI General Secretary D. Raja urges Indian communist parties to unite against rising fascism and calls for introspection on ideological divisions hindering progress. Learn more.