സിഖ് വിരുദ്ധ കലാപം: ടൈറ്റ്‌ലർക്കെതിരേ കുരുക്ക് മുറുകുന്നു; കൊലപാതകക്കുറ്റം ചുമത്താൻ കോടതി നിർദേശം

ജഗദീഷ് ടൈറ്റ്‌ലർ | Photo: PTI
ജഗദീഷ് ടൈറ്റ്‌ലർ | Photo: PTI

ന്യൂഡൽഹി: ഇന്ദിര​ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സിഖ് വിരുദ്ധ കലാപത്തിനിടെ പുൽ ബം​ഗേഷ് ഗുരുദ്വാരയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുരുക്ക് മുറുകുന്നു. കൊലപാതകം, കലാപമുണ്ടാക്കാനുള്ള പ്രകോപനം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താൻ ഡൽഹി കോടതി നിർദേശം നൽകി.

1984-ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഠാക്കൂർ സിങ്, ബാദൽ സിങ്, ഗുർചരൺ സിങ് എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ രജിസ്റ്റർചെയ്ത കേസിലാണ് നടപടി. ഗുരുദ്വാരയ്ക്ക് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തെ അക്രമം നടത്താൻ ടൈറ്റ്‌ലർ പ്രേരിപ്പിച്ചതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ വർഷം മേയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ദൃക്‌സാക്ഷികളുടെ മൊഴികൾ ഹാജരാക്കിയ സിബിഐ, കോൺഗ്രസ് നേതാവിനെതിരെ കുറ്റംചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.

ടൈറ്റ്‍ലർക്കെതിരായ കേസിൽ നടപടികൾ അവസാനിപ്പിച്ചുകൊണ്ട് മുമ്പ് സി.ബി.ഐ. സമർപ്പിച്ച മൂന്ന് റിപ്പോർട്ടുകൾ പ്രത്യേക കോടതി തള്ളിയിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷൻ റിപ്പോർട്ടിൽ ടൈറ്റ്‌ലറുടെ പേരുണ്ട്. കമ്മിഷൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  വീണ്ടും അന്വേഷണം നടത്താൻ ശുപാർശ ചെയ്ത മൂന്ന് കേസുകളിൽ ഒന്നായിരുന്നു ടൈറ്റ്‌ലറുടേത്.

Content Highlights: court direct to charge murder case against Jagdish Tytler In Anti Sikh Riots Case