എട്ടുവർഷത്തെ പ്രണയം, യുവാവിനെ ബന്ദിയാക്കി കുടുംബം; ഒടുവിൽ ജാതിമതിൽ തകർത്തു, CPM ഓഫീസ് കതിർമണ്ഡപമായി

ചെന്നൈ : ജാതിയുടെപേരിൽ ബന്ധുക്കൾതീർത്ത മതിൽ തകർത്ത് കമിതാക്കൾ സിപിഎം ഓഫീസിൽ വരണമാല്യം ചാർത്തി. മിശ്രവിവാഹങ്ങൾക്കും ജാതി-മത രഹിത വിവാഹങ്ങൾക്കും വേദിയും സംരക്ഷണവും നൽകാൻ തമിഴ്നാട്ടിലെ സിപിഎമ്മിന്റെ മുഴുവൻ പാർട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന സംസ്ഥാന സെക്രട്ടറി പി. ഷൺമുഖത്തിന്റെ പ്രഖ്യാപനത്തിനുപിന്നാലെയാണ് തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലെ പാർട്ടി ഓഫീസ് കതിർമണ്ഡപമായി മാറിയത്.
തിരുത്തുറൈപൂണ്ടിയിലെ അമൃതയുടെ വിവാഹം പുതുക്കോട്ട ജില്ലയിലെ മാത്തൂർ സ്വദേശിയായ സഞ്ജയ് കുമാറുമായി നാഗപട്ടണത്തെ മുരുകൻ ക്ഷേത്രത്തിൽവെച്ച് ഓഗസ്റ്റ് 27-ന് നടത്താൻ തീരുമാനിച്ചതായിരുന്നു. ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇരുവരും എട്ടുവർഷമായി പ്രണയത്തിലാണ്. രണ്ടുജാതിയിൽപ്പെട്ടവരായതിനാൽ ആദ്യം എതിർപ്പുണ്ടായിരുന്നെങ്കിലും സഞ്ജയിന്റെ വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്.
പക്ഷേ, വിവാഹദിവസം വരനോ ബന്ധുക്കളോ ക്ഷേത്രത്തിൽ എത്തിയില്ല. സഞ്ജയിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേത്തുടർന്നാണ് അമൃതയുടെ ബന്ധുക്കൾ തിരുവാരൂരിലെ സിപിഎം നേതാക്കളെ വിവരമറിയിച്ചത്. അവർ തിരുത്തുറൈപൂണ്ടി പോലീസിൽ പരാതി നൽകി. സഞ്ജയിനെ ഒരു ബന്ധുവീട്ടിൽ തടങ്കലിലാക്കിയിരിക്കയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസിന്റെ സഹായത്തോടെ അവിടെനിന്ന് മോചിപ്പിച്ച് തിരുത്തുറൈപൂണ്ടിയിലെത്തിച്ചു. പോലീസിന്റെയും സിപിഎം പ്രവർത്തകരുടെയും കാവലിൽ പാർട്ടി ഓഫീസിൽവെച്ച് വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തിനുശേഷം വരനും വധുവും പോലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു. ഇരുവരുടെയും ബന്ധുക്കളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
മിശ്രവിവാഹങ്ങൾക്ക് സംരക്ഷണം നൽകാനായി സിപിഎം ഓഫീസുകൾ തുറന്നുകൊടുക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ ‘എവിഡൻസ്’ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയാണ് പാർട്ടി സെക്രട്ടറി അറിയിച്ചത്. സംസ്ഥാനത്ത് ദുരഭിമാനക്കൊലകൾ തുടരുകയും മിശ്രവിവാഹിതർക്ക് സംരക്ഷണം നൽകുന്നതിന് ഔദ്യോഗികസംവിധാനം ഇല്ലാതിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Intercaste Couple Weds in CPI(M) Office After Family Opposition in Tamil Nadu