അമിക്കസ് ക്യൂറിയുടെ ഫീസ് സ്വീകരിക്കാതെ സീനിയര്‍അഭിഭാഷകൻ; 45 ലക്ഷം രൂപ ഗുരുവിന്റെ പേരിലുള്ള ഫൗണ്ടേഷന്
ന്യൂഡൽഹി : പതിറ്റാണ്ടുകളോളം നീണ്ടു നിന്ന വ്യവഹാരം ചർച്ചകളിലൂടെ പരിഹിച്ചതിന് കക്ഷികൾ നൽകിയ ഫീസ് സ്വീകരിക്കാൻ വിസമ്മതിച്ച് സീനിയർ അഭിഭാഷകൻ ആർ. ബസന്ത്. ഇതേ തുടർന്ന് കേസിലെ കക്ഷികൾ ആർ ബസന്തിന്റെ സീനിയർ ആയിരുന്ന അഭിഭാഷകൻ കെ ഭാസ്കരൻ നായരുടെ പേരിൽ ഉള്ള ഫൗണ്ടേഷന് 45 ലക്ഷം രൂപ സംഭാവനയായി നൽകി. അമിക്കസ്ക്യൂറിയായി ബസന്ത് നൽകിയ സേവനത്തെ സുപ്രീം കോടതി പ്രകീർത്തിച്ചു.
ഡെറ്റിനേർസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്മെൻ മെറ്റാലോ കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളുടെ നിയന്ത്രണവും, ഓഹരിയുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ വിവിധ അംഗങ്ങൾക്കിടയിലുണ്ടായ തർക്കമാണ് കേസിലെത്തിയത്. 2010 ൽ സുപ്രീം കോടതിയിലെത്തിയ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ജസ്റ്റിസുമാരായ കുര്യൻ ജോസഫും, ആർ ഭാനുമതിയും അടങ്ങിയ ബെഞ്ച് നിർദേശിക്കുകയായിരുന്നു. തുടർന്ന് സീനിയർ അഭിഭാഷകൻ ആർ ബസന്തിനെ മധ്യസ്ഥനായി നിയമിച്ചിരുന്നു.
ആർ ബസന്ത് നടത്തിയ മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനത്തിൽ 2017 ൽ തർക്കം പരിഹരിക്കാൻ ഉള്ള ഫോർമുല തയ്യാറായി. അന്ന് തർക്കത്തിൽ ഉൾപ്പെട്ട കക്ഷികൾ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ആർ ബസന്തിന് ഫീസ് നൽകാൻ തയ്യാറായിരുന്നു. എന്നാൽ ആ തുക സ്വീകരിക്കാൻ അദ്ദേഹം വിസ്സമ്മതിച്ചു. തുടർന്ന് ബസന്തിന് കൈമാറാൻ നിശ്ചയിച്ചിരുന്ന 20 ലക്ഷം രൂപ കക്ഷികൾ ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് കൈമാറി. ബസന്തിന്റെ ജൂനിയർ ആയി പ്രവർത്തിച്ച അഭിഭാഷകൻ എ കാർത്തിക്കും മധ്യസ്ഥ ചർച്ചകൾക്കുള്ള ഫീസ് സ്വീകരിച്ചില്ല.
2017 ലെ തർക്ക പരിഹാര ഫോർമുല പൂർണ്ണമായും നടപ്പാക്കാത്തതിനെ തുടർന്ന് തർക്കം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിലെത്തി. ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് ആർ ബസന്തിനെ കേസിലെ അമിക്കസ്ക്യൂറിയായി നിയമിച്ചു. തുടർന്ന് ബസന്ത് നേതൃത്വം നൽകി നടത്തിയ ചർച്ചകളിലാണ് തർക്കത്തിന് പരിഹാരമായത്. ഇത്തവണയും സീനിയർ അഭിഭാഷകൻ ആർ ബസന്ത് ഫീസ് സ്വീകരിക്കാൻ തയ്യാറായില്ല.
തുടർന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഡ്വക്കേറ്റ് കെ ഭാസ്കരൻ നായർ ഫൗണ്ടേഷന് കക്ഷികൾ 45 ലക്ഷം രൂപ സംഭാവനയായി കൈമാറിയത്. കെ ഭാസ്കരൻ നായരുടെ ജൂനിയർ ആയാണ് ആർ ബസന്ത് അഭിഭാഷകവൃത്തി ആരംഭിച്ചത്. ദീർഘകാലം കേരള ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു ആർ ബസന്ത്. സീനിയർ അഭിഭാഷകൻ ആർ ബസന്തിന്റെയും, അഭിഭാഷകൻ എ കാർത്തികിന്റെയും സേവനത്തെ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും, സഞ്ജയ് കരോളും അടങ്ങിയ ബെഞ്ച് പ്രശംസിച്ചു.
Content Highlights: Counsel not accepting amicus curiaes fees 45 lakhs to foundation