കാട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ യുവതിയുടെ നഗ്നദൃശ്യം; പ്രചരിപ്പിച്ച് ഉദ്യോഗസ്ഥന്‍, അന്വേഷണം

പ്രതീകാത്മക ചിത്രം | Mathrubhumi
പ്രതീകാത്മക ചിത്രം | Mathrubhumi

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ജിംകോര്‍ബെറ്റ് ദേശീയോദ്യാനത്തില്‍ കടുവകളെ നിരീക്ഷിക്കാനായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളും ഡ്രോണ്‍ നിരീക്ഷണവും സ്ത്രീകളുടെ സ്വകാര്യതയ ലംഘിക്കുന്നതായും ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തൽ. കേംബ്രിജ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ് വനംവകുപ്പ്.

കാടിനുള്ളില്‍ വിഭവശേഖരണത്തിനും മറ്റുമായെത്തുന്ന, പ്രദേശവാസികളായ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങളടക്കം ദുരുപയോഗം ചെയ്യുന്നതായി പഠനത്തിലുണ്ട്. ഇത്തരത്തിൽ ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടിയുടെ ദൃശ്യം ക്യാമറയില്‍ കുടുങ്ങുകയും അത് വനംവകുപ്പിലെ ഉദ്യോഗസ്ഥന്‍തന്നെ പ്രചരിപ്പിച്ചെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. വീട്ടില്‍നിന്ന് നഗ്നയായി ഇറങ്ങി കാടിനുള്ളിലേക്ക് ഓടിപ്പോയ പെണ്‍കുട്ടിയുടെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞത്. ഈ ദൃശ്യം ഒരു ഉദ്യോഗസ്ഥന്‍ കൈക്കലാക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നെന്ന് പഠനത്തില്‍ പറയുന്നു. 

കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ ഡോ.ത്രിശാന്ത് സിംലയ്, ഡോ.ക്രിസ് സാന്‍ഡ്ബ്രൂക് എന്നിവരാണ് 'ജെന്‍ഡേര്‍ഡ് ഫോറസ്റ്റ്സ്: ഡിജിറ്റല്‍ സര്‍വെയലന്‍സ് ടെക്‌നോളജീസ് ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് ജെന്‍ഡര്‍-എന്‍വിറോൺമെന്റ് റിലേഷന്‍ഷിപ്പ്' എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്. സത്രീകളുടെ സ്വകാര്യതാ ലംഘനത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രബന്ധം. താല്‍ക്കാലിക വനംവകുപ്പ് ഉദ്യോഗസ്ഥനായി നിയമതിനായ ഒരു യുവ ഓഫീസറാണ് ഓട്ടിസംബാധിച്ച പെണ്‍കുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  

14 മാസമാണ് ഡോ.ത്രിശാന്ത് സിംലായ് ഗവേഷണത്തിനായി ജിംകോര്‍ബെറ്റില്‍ ചെലവഴിച്ചത്. 270 പ്രദേശവാസികളെ കാണുകയും അഭിമുഖം നടത്തുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സത്രീകളെ മനഃപൂര്‍വം പേടിപ്പിക്കാനായി ഡ്രോണ്‍ ക്യാമറകള്‍ അവര്‍ക്ക് നേരെ പറത്തിവിടുന്നതായും ഇവര്‍ വെളിപ്പെടുത്തി. പ്രകൃതിവിഭവങ്ങള്‍ ശേഖരിക്കുന്നതിനുപോലും ഇത്തരം ക്യാമറ നീരീക്ഷണങ്ങള്‍ തടസ്സമുണ്ടാക്കുന്നുണ്ടെന്നും പൊതുവെ സ്വകാര്യത ആഗ്രഹിക്കുന്ന കാട്ടിനുള്ളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഇത്തരം നിരീക്ഷണങ്ങളുണ്ടാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 
തന്നെ സ്ഥിരമായി മദ്യപിച്ച് മര്‍ദിക്കുന്ന ഭര്‍ത്താവിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് തെളിവ് സമാഹരിച്ച് പോലീസില്‍ പരാതി കൊടുത്ത സ്ത്രീയുടെ അനുഭവവും പഠനത്തിൽ പറയുന്നുണ്ട്. 

ഉത്തരാഖണ്ഡ് നൈനിറ്റാള്‍ ടൈഗര്‍ റിസര്‍വിലെ പ്രധാന ഭാഗമാണ് ജിംകോര്‍ബെറ്റ് ദേശീയോദ്യാനം. 1936-ല്‍ സ്ഥാപിച്ച ഹെയ്‌ലി ദേശീയോദ്യാനമാണ് പിന്നീട് പേരുമാറ്റി കടുവകളുടെ പ്രധാന സംരക്ഷണകേന്ദ്രമായ ജിംകോര്‍ബറ്റായി മാറിയത്. 1973-ല്‍ പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി നടപ്പിലാക്കിയതും ഇവിടെയായിരുന്നു.

Content Highlights: Corbett forest cameras spying on women says study probe ordered