'ശമ്പളം വര്‍ധിപ്പിക്കുന്നില്ല' ചീഫ് സെക്രട്ടറിക്കെതിരേ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: കേരളത്തിലെ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കെതിരേ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ചീഫ് സെക്രട്ടറിക്ക് പുറമേ അഡീഷണല്‍ ചീഫ് സെക്രട്ടറി വി. വേണു, ധനകാര്യ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷനുവേണ്ടി സെക്രട്ടറി രാകേഷ് എം.ജി.യാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് രാകേഷ് എം.ജി.
രാജ്യത്തെ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും ശമ്പള വര്‍ധനവിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള വര്‍ധനയ്ക്കായിരുന്നു നിര്‍ദേശം. 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നല്‍കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടതായി സംഘടനയുടെ സെക്രട്ടറി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കൂടിക്കാഴ്ചയ്ക്കുശേഷം സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഒരു ഫയല്‍ തയ്യാറാക്കി. എന്നാല്‍ തുടര്‍ന്ന് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും, ഒരു മറുപടിയും ലഭിച്ചില്ലെന്നും അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേന ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് അഭിഭാഷകന്‍ മുഖേന നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
2016 മുതലുള്ള കുടിശ്ശിക തുക മൂന്ന് തവണകളായി നല്‍കാനായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നത്. ഉത്തരവിറങ്ങി മൂന്നുമാസത്തിനുള്ളില്‍ കുടിശ്ശികയുടെ 25% ആദ്യ ഗഡുവായി നല്‍കണം. അടുത്ത മൂന്നുമാസത്തിനുള്ളില്‍ 25% രണ്ടാം ഗഡുവായി നല്‍കണം. ബാക്കി 50% 2023 ജൂണ്‍ മുപ്പത്തിനകം കൊടുത്തു തീര്‍ക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
കോടതികളിലെ ശിരസ്തദാറിന്റെ ശമ്പള സ്‌കെയിലിനേക്കാളും കുറവാണെന്ന് ആരോപിച്ച് കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2016-ന് ശേഷം സംസ്ഥാനം നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണങ്ങളെത്തുടര്‍ന്ന് ജഡ്ജിമാരുടെ ശമ്പളം ശിരസ്തദാറിന്റെ ശമ്പള സ്‌കെയിലിനേക്കാളും കുറവാണെനന്നായിരുന്നു അസോസിയേഷന്റെ പരാതി. സംസ്ഥാനങ്ങള്‍ അഞ്ച് വര്‍ഷത്തിലൊരിക്കലും, കേന്ദ്രസര്‍ക്കാര്‍ 10 വര്‍ഷത്തിലൊരിക്കലും ശമ്പളം വര്‍ധിപ്പിക്കാന്‍ കമ്മിഷന്‍ രൂപവത്കരിക്കാറുണ്ട് . എന്നാല്‍ 2006-ന് ശേഷം ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ലെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.
Content Highlights: contempt of court petition in supreme court against chief secretary, kerala