ഉപഭോക്തൃ പണപ്പെരുപ്പം: ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം

മുംബൈ: ഉപഭോക്തൃ പണപ്പെരുപ്പം 2024 ഒക്ടോബറിൽ 6.21 ശതമാനം രേഖപ്പെടുത്തിയശേഷമുള്ള ഏറ്റവും ഉയരത്തിൽ. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തിൽ നിർത്തുന്നതിനാണ് ആർ.ബി.ഐ. നിഷ്കർഷിക്കുന്നത്. ഇതിൽനിന്ന് രണ്ടുശതമാനംവരെ മുകളിലേക്കോ താഴേക്കോ അനുവദനീയ പരിധിയായി കണക്കാക്കുന്നു. വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും കൂടാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്‌ധർ നൽകുന്ന സൂചന. പണപ്പെരുപ്പം ഇനിയും ഉയർന്നാൽ പലിശനിരക്ക് വീണ്ടും ഉയരും.
ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം
സെപ്റ്റംബറിൽ ഗ്രാമീണമേഖലയിൽ വിലക്കയറ്റത്തോത് 6.08 ശതമാനത്തിലെത്തി. നഗരങ്ങളിൽ 4.88 ശതമാനമാണിത്. ഓഗസ്റ്റിലിത് യഥാക്രമം 5.24 ശതമാനവും 4.31 ശതമാനവുമായിരുന്നു. ഭക്ഷ്യോത്പന്ന പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 7.74 ശതമാനമായി കൂടി. ഗ്രാമങ്ങളിൽ ഭക്ഷ്യവിലക്കയറ്റത്തോത് 8.06 ശതമാനം വരെയാണ്. നഗരങ്ങളിൽ 7.18 ശതമാനവും. ഭക്ഷ്യവിലക്കയറ്റത്തോത് കുതിക്കുന്നത് സർക്കാരിനെയും റിസർവ് ബാങ്കിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്.
സെപ്റ്റംബറിൽ വിലക്കയറ്റം ഏറ്റവും കൂടുതൽ ഉള്ളിക്കാണ്. 108.09 ശതമാനമാണ് വിലക്കയറ്റത്തോത്. വെള്ളിയാഭരണങ്ങളാണ് സെപ്റ്റംബറിൽ 87.80 ശതമാനവുമായി രണ്ടാമത്. പക്ഷേ, ഓഗസ്റ്റിൽ 106.81 ശതമാനമായിരുന്നു. ഇഞ്ചി (62.85 ശതമാനം), വെളുത്തുള്ളി (54.62 ശതമാനം), ചെറുനാരങ്ങ (36.41 ശതമാനം) എന്നിവയും കഴിഞ്ഞമാസം പണപ്പെരുപ്പത്തിൽ മുൻനിരയിലെത്തി. അതേസമയം, സെപ്റ്റംബറിൽ ഉരുളക്കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക, തേങ്ങ തുടങ്ങിയവയുടെ വിലയിൽ കുറവുണ്ടായി.
സംസ്ഥാനങ്ങളിൽ മുന്നിൽ തമിഴ്നാട്
തുടർച്ചയായി പന്ത്രണ്ടുമാസത്തോളം ഇന്ത്യയിലെ ഏറ്റവുമുയർന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമായിരുന്ന കേരളം ഇപ്പോൾ പിന്നോട്ടിറങ്ങിയിട്ടുണ്ട്. അടിസ്ഥാനവർഷം മാറ്റിയതോടെയാണ് കേരളം ഈ പിടിയിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് തെലങ്കാന മുന്നിലേക്കെത്തി. സെപ്റ്റംബറിൽ തെലങ്കാനയെ വെട്ടി തമിഴ്നാട് ഒന്നാമതായി. 6.81 ശതമാനമാണ് നിരക്ക്. രണ്ടാമതുള്ള ഒഡിഷയ്ക്കിത് 6.70 ശതമാനമാണ്. മധ്യപ്രദേശ് (6.68 ശതമാനം), തെലങ്കാന (6.64 ശതമാനം), ആന്ധ്രപ്രദേശ് (6.29 ശതമാനം) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റു സംസ്ഥാനങ്ങൾ. ഭക്ഷ്യോത്പന്ന വിലക്കയറ്റത്തിലും തമിഴ്നാടാണ് മുന്നിൽ. 10.62 ശതമാനം. ആന്ധ്രപ്രദേശ് 10.18 ശതമാനവുമായി രണ്ടാമതും 9.58 ശതമാനവുമായി ഒഡിഷ മൂന്നാമതുമാണ്.
കേരളത്തിൽ പണപ്പെരുപ്പം കൂടി വരുന്നുണ്ട്. ഓഗസ്റ്റിലെ 4.67 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 5.26 ശതമാനമായി ഉയർന്നിട്ടുണ്ട്. ഗ്രാമങ്ങളിൽ 5.32 ശതമാനത്തിൽനിന്ന് 5.61 ശതമാനമായും നഗരങ്ങളിൽ 4.13 ശതമാനത്തിൽനിന്ന് 4.97 ശതമാനമായുമാണ് പണപ്പെരുപ്പം കൂടിയത്.
Content Highlights: Consumer inflation in October 2024 hits 6.21%, the highest since previous records, with experts predicting further increases in the coming months.