ഭരണഘടനയെപ്പറ്റിത്തന്നെ... ചിരപരിചിതമെന്ന് തോന്നുന്ന ഇഴകള്‍കൊണ്ട് നെയ്ത അപൂര്‍വസൃഷ്ടിയെക്കുറിച്ച്

#യോഗേന്ദ്ര യാദവ്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ഭരണഘടനാധിഷ്ഠിത ജനാധിപത്യരാഷ്ട്രം അതിക്രമം നേരിടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭരണഘടനയുടെ നിയമസാധുതയെത്തന്നെ ചോദ്യംചെയ്യുക എന്നത് ഈ അതിക്രമത്തിന്റെ ഭാഗമായ അനിവാര്യതയാണ്. അക്രമകാരികളുടെ ആയുധപ്പുരയിലെ ആശയപരമായ, കരുത്തുറ്റ ആയുധമാണ് ഭരണഘടനയുടെ 'ഭാരതീയത'യെ തന്നെ ചോദ്യംചെയ്യുക എന്നത്. അതുകൊണ്ട് ഇതൊരു ഗൗരവമേറിയ ചോദ്യമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ ഭരണഘടനയെക്കുറിച്ച് ആലോചിച്ചതും ചര്‍ച്ചചെയ്യപ്പെട്ടതും അത് എഴുതപ്പെട്ടതും കൂടുതലായും സാമ്രാജ്യത്വ യജമാനന്മാരുടെ ഭാഷയിലാണ്. 

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ആധുനിക പാശ്ചാത്യ ഭരണഘടനാ സമ്പ്രദായത്തിന്റെ സ്വാധീനമുണ്ടായിരുന്നു. ഭരണഘടന 'അന്യവും വൈദേശികവും' ആണോ എന്ന ചോദ്യം ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്. ആധുനിക സാര്‍വത്രികവാദ അഹങ്കാരം ഈ ചോദ്യത്തിന് മറുപടിയല്ലെന്ന് നമുക്ക് സമ്മതിക്കാം. ആധുനിക ഇന്ത്യയുടെ ഭരണഘടന എന്തിന് 'ഇന്ത്യന്‍' ആകണം? എന്ന മറുചോദ്യവും ശരിയല്ല. 

ഓരോ ഭരണഘടനയും അതത് സാഹചര്യങ്ങളിലെ സാംസ്‌കാരിക ആധികാരികതയുടെ പരീക്ഷണങ്ങളെ വിജയിക്കുന്നതായിരിക്കണം. ആധുനികവാദപരമായ പ്രതികരണങ്ങള്‍ വിപരീതഫലം മാത്രമേ ഉളവാക്കുകയുള്ളൂ. കാരണം തുടക്കത്തിലേ അത് സാംസ്‌കാരിക ആധികാരികതയുടെ അഭാവത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുകയും അതുവഴി ഈ ചോദ്യത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഭരണഘടനാശില്പികള്‍ ശ്രദ്ധാപൂര്‍വം ഊന്നല്‍ നല്‍കിയ ഭൂതകാലത്തില്‍ നിന്നുള്ള ഈ വേര്‍പ്പെടുത്തലിനെ 'ഭാരതീയത'യില്‍ നിന്നും നമ്മുടെ സാംസ്‌കാരിക രീതികളില്‍ നിന്നുമുള്ള വേര്‍പെടുത്തലായും വ്യാഖ്യാനിക്കാനിടയാകും.

ഭാരതീയതയും  ഭരണഘടനയും

ഭാരതീയത എന്നാല്‍, എന്തായിരിക്കരുത് എന്നകാര്യം മാറ്റിവെച്ച് നമുക്ക് തുടങ്ങാം. ഒരുവശത്ത്, ഒരു ആധുനിക രാജ്യമായി മുന്നേറേണ്ട ഇന്ത്യയെ സംബന്ധിച്ച്, എഴുതപ്പെട്ട ഒരു ഭരണഘടന ആവശ്യമാണ് എന്ന കാര്യം മറന്ന്, ഇന്ത്യന്‍ ഭരണഘടന ഒരിക്കലും വൈദേശികമായ ഒന്നിനെയും സ്പര്‍ശിക്കാത്ത ഒരു പ്രാകൃതരേഖ ആയിക്കൂടാ. ഏതെങ്കിലും രേഖയുടെ പുറത്ത് 'ഇന്ത്യന്‍' എന്ന് മിനുസമുള്ള ഒരു മരപ്പാളി ഒട്ടിച്ചുവെച്ചാല്‍ അതൊരിക്കലും ഇന്ത്യനാകില്ല. യഥാര്‍ഥ ഭരണഘടനയില്‍ ഇന്ത്യന്‍ മിത്തോളജിയില്‍ നിന്നുള്ള ചില വിശദീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്താലും ഇന്ത്യന്‍ പീനല്‍ കോഡിനെ ഭാരതീയ ന്യായസംഹിത എന്ന് പുനര്‍നാമകരണം ചെയ്താലും അത് ഇന്ത്യന്‍ ആവുകയില്ല. 

അതുപോലെ നമ്മുടെ ആധുനികപൂര്‍വ ചരിത്രത്തില്‍ നിന്നുള്ള ഏതെങ്കിലും ഒരു ഘടകത്തിന് മുന്‍തൂക്കം നല്‍കി സമകാലീന ഭരണഘടനാക്രമത്തില്‍ അത് പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കുന്നതിലും  എന്തെങ്കിലും ഇന്ത്യത്വം ഉള്ളതായി കാണാന്‍ കഴിയില്ല. വേണമെങ്കില്‍ ഈ മാതൃകയുടെ മേന്മ പാകിസ്താനിലെ ഇസ്ലാമിക് റിപ്പബ്ലിക്കുമായി താരതമ്യം ചെയ്താണ് ചര്‍ച്ചചെയ്യേണ്ടത് (അവരെ സംബന്ധിച്ച് ആ രാഷ്ട്രം രൂപവത്കരിക്കാന്‍ ഇടയാക്കിയ ആശയമാണ് ഇതെന്നുവെക്കാം). ഇത്തരം ചില കാര്യങ്ങള്‍ എങ്ങനെയാണ് ഭരണഘടനയുടെ ആധികാരികത വര്‍ധിപ്പിക്കുന്നത് എന്നകാര്യം വ്യക്തമല്ല. ആധുനിക ഭരണഘടനാക്രമത്തിന്റെ ഉള്‍ക്കാമ്പില്‍ 'ഹിന്ദുത്വം' എന്ന ആശയം ('സനാതനം' എന്ന രീതിയിലോ മറ്റോ) പ്രതിഷ്ഠിക്കാനുള്ള ആവശ്യമാണ് അടിസ്ഥാനപരമായി ഇവിടെ ഉയരുന്നത്. 

ഈ നീക്കത്തിന്റെ അപകടകരമായ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് കടക്കാതെ, ഈ നിര്‍ദേശം എത്രത്തോളം അനുകരണീയമാണ് എന്നാണ് നോക്കേണ്ടത്. ഏതുരീതിയില്‍ ആയാലും ഭാരതീയതയുടെ ഈ പതിപ്പ് കേവലം അനുകരണം മാത്രമായിരിക്കും. ഒന്നുകില്‍ ഇന്ത്യയെ ഒരു ഹിന്ദു പാകിസ്താനോ, 1930-കളിലെ ജര്‍മനിയുടെ ശരിയായ മറ്റൊരു പതിപ്പോ അതുമല്ലെങ്കില്‍ ഇന്നത്തെ ഇസ്രയേല്‍ തന്നെയോ ആക്കിമാറ്റാനുള്ള മുറവിളിയാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യത്വത്തിന്റെ ഈ പതിപ്പ് പരിഹാസ്യമായിരിക്കും. 

ഭരണഘടനയിലെ ഭാരതീയതയെക്കുറിച്ചുള്ള ഗൗരവമായ അന്വേഷണം രണ്ടുരൂപത്തിലാകാം. അതിലൊന്ന്  മറ്റേതിനെക്കാള്‍ കൂടുതല്‍ തീവ്രമാണ്. ഭരണഘടനയുടെ തികച്ചും ഇന്ത്യനായ ഒരു പതിപ്പ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, പാശ്ചാത്യരാഷ്ട്രീയ ചിന്താസരിണിയില്‍നിന്ന് ലഭിച്ചതെല്ലാം പാടേ ഒഴിവാക്കി, സ്ഥാപന രൂപവത്കരണത്തിന്റെ ഓരോ ഘടകങ്ങളെയും രാകിമിനുക്കി നമ്മുടെ നാഗരികപൈതൃകം ഉള്‍ക്കൊണ്ട് പുതുതായി നിര്‍മിച്ചെടുക്കുക എന്നതാണ്. ഹിന്ദ് സ്വരാജിന്റെ ഭാഗമായി ഗാന്ധിജി ആവശ്യപ്പെട്ടതും ഇതാണ്. അതുകൊണ്ടാണ് ശ്രീമാന്‍ നാരായാണ്‍ അഗര്‍വാളിനെപ്പോലെയുള്ള ഗാന്ധിയന്മാര്‍ക്ക് ഭരണഘടന ഇന്ത്യയുടെ സത്തയോട്  നീതിപുലര്‍ത്തിയില്ല എന്ന് തോന്നാനിടയായത്. 

കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു ഭരണഘടനയ്ക്കും (ഇറാനിലേതും ബൊളീവിയയിലേതും ഒഴികെ) ആധികാരികതാ പരിശോധനയുടെ കടമ്പകടക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏറെ പ്രതീക്ഷയോടെ ഒരു ബദലിനുവേണ്ടി തിരയുമ്പോഴാണ് അത്തരത്തില്‍ ഒരു ഭരണഘടനയുടെ പ്രവര്‍ത്തനക്ഷമമായ പകര്‍പ്പ് ആരുടെ കൈയിലുമില്ല എന്ന കാര്യം തിരിച്ചറിയുന്നത്.

ഭരണഘടനയുടെ ഇന്ത്യത്വം
 
ഭരണഘടനയുടെ ഇന്ത്യത്വം പരിശോധിക്കുന്നതിന് പുതിയ ഒരുകൂട്ടം അളവുകോലുകള്‍ വേണ്ടിവരും. പാശ്ചാത്യ ഭരണഘടനാ പാരമ്പര്യത്തില്‍നിന്ന് സ്വീകരിച്ച ഘടകങ്ങള്‍ പുനഃക്രമീകരിച്ചും പരിഷ്‌കരിച്ചും ഇന്ത്യന്‍ സാഹചര്യത്തിന് അനുയോജ്യമാക്കിത്തീര്‍ത്തത് എങ്ങനെയായിരിക്കും? ഈ പുതിയ ക്രമീകരണം ഇന്ത്യന്‍ നാഗരികത പിന്നിട്ട വഴികളെ പ്രതിഫലിപ്പിക്കുന്നുണ്ടോ? ഭരണഘടനയ്ക്ക് ആധാരമായ തത്ത്വശാസ്ത്രം നമ്മുടെ ഭൗതികപാരമ്പര്യത്തിന് അനുസൃതമാണോ? ഈ ഭരണഘടനയുടെ പ്രവര്‍ത്തനം ഈ സങ്കല്‍പങ്ങളെ സാധൂകരിച്ചിട്ടുണ്ടോ? ഉചിതവും പ്രസക്തവുമായ ഈ ചോദ്യങ്ങള്‍ നാം ചോദിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എന്തെന്ന് നമുക്കു കാണാന്‍കഴിയും. 

ഭരണഘടന മൂന്നുവര്‍ഷംകൊണ്ട് എഴുതപ്പെട്ടതായിരിക്കാം. എന്നാല്‍, ഒരു നൂറ്റാണ്ടിലേറെക്കാലം നന്നായി ചിന്തിച്ചതിന്റെ ഫലമാണത്. നന്നായി വാറ്റിക്കുറുക്കിയെടുത്ത 'ആധുനിക ഇന്ത്യന്‍ രാഷ്ട്രീയചിന്ത'യുടെ സത്തയാണ് ഇന്ത്യന്‍ ഭരണഘടന. ഏതെങ്കിലും ഒരു പ്രത്യേക 'ഇസ'ത്തിന്റെയോ ചായ്വിന്റെയോ പരിമിതികളില്ലാത്ത ഈ വിജ്ഞാനശേഖരം ഇന്ത്യയിലെ പരസ്പരം മത്സരിക്കുന്ന വിവിധ ദര്‍ശനങ്ങള്‍ക്കിടയില്‍ ഒരു സമതുലിതാവസ്ഥ സൃഷ്ടിക്കുന്നു. നമ്മുടെ ഭൗതികപാരമ്പര്യത്തിന്റെ ബഹുവിധ കണ്ണികളുമായി ആഴത്തിലുള്ള സമ്പര്‍ക്കത്തില്‍നിന്നു ലഭിക്കുന്ന അറിവാണിത്. 

സാമ്രാജ്യത്വ ആധുനികതയില്‍ നിന്ന് ഇന്ത്യന്‍ ആധുനികതയിലേക്കുള്ള പരിവര്‍ത്തനം ഊട്ടിയുറപ്പിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളുടെ ചാലകശക്തിയായി അത് വര്‍ത്തിച്ചു. കഴിഞ്ഞ 75 വര്‍ഷത്തെ നിയമസമ്പ്രദായങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും നേരനുഭവം കാണിച്ചുതരുന്നത്, ഇന്ത്യയിലെ ജനങ്ങളാകെ, ഭരണഘടനയെക്കുറിച്ച് കേള്‍ക്കാത്തവര്‍പോലും ഇന്ത്യന്‍ ഭരണഘടനാ ധാര്‍മികതയുടെ ഭാഗഭാക്കാകുന്നു എന്നാണ്.

അപൂര്‍വസൃഷ്ടി

ഇന്ത്യന്‍ ഭരണഘടനയുടെ ഇന്ത്യത്വം നിങ്ങളുമായി ഏറ്റുമുട്ടുകയോ നിങ്ങളില്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നില്ല. ചിരപരിചിതമെന്ന് തോന്നുന്ന ഇഴകള്‍കൊണ്ട് നെയ്ത അപൂര്‍വസൃഷ്ടിയാണത്. പരമ്പരാഗത ഫെഡറല്‍ രാഷ്ട്രത്തിനു പകരം ഇന്ത്യന്‍ യൂണിയന്‍ എന്ന പരികല്‍പന സ്വീകരിച്ചതുതന്നെ ബഹുതലസവിശേഷതകളുള്ള ഇന്ത്യയിലെ ആധുനികപൂര്‍വ നാട്ടുരാജ്യങ്ങള്‍ക്ക് അനുസൃതമായാണ്. യൂറോപ്യന്‍ ശൈലിയിലുള്ള 'നേഷന്‍ സ്റ്റേറ്റി'ന് പകരം 'സ്റ്റേറ്റ് നേഷന്‍' എന്ന സങ്കല്‍പം സ്വീകരിച്ചത് ഇന്ത്യയുടെ അഗാധമായ സാമൂഹിക, സാംസ്‌കാരിക വൈവിധ്യത്തെ അംഗീകരിക്കുന്ന പഴയ പാരമ്പര്യത്തിന് അനുസരിച്ചാണ്. 

ഇന്ത്യന്‍ ഭരണഘടനയുടെ മതേതരസ്വഭാവം  അമേരിക്കയുടെയോ ഫ്രാന്‍സിന്റെയോ ശൈലിയുടെ അനുകരണമല്ല. മറിച്ച് ഇന്ത്യയുടെ പാരമ്പര്യമായ മൈത്രി എന്ന ആശയത്തില്‍നിന്ന് ഉണ്ടായതാണ്. അതാകട്ടെ സര്‍വധര്‍മസമഭാവന എന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സോഷ്യലിസ്റ്റ് സ്വഭാവം ഭാരതീയ പാരമ്പര്യത്തില്‍ തന്നെയുള്ള കരുണയുടെയും അനുകമ്പയുടെയും തത്ത്വങ്ങളുടെ തുടര്‍ച്ചതന്നെയാണ്. ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും നിരാസവും നമ്മുടെ ദീര്‍ഘകാല പാരമ്പര്യത്തില്‍പ്പെട്ട സാമൂഹികവും മതപരവുമായ പരിഷ്‌കാരങ്ങളുടെ ഭാഗം തന്നെയാണ്. 

ഭരണഘടനയുടെ ഭാരതീയവത്കരണം പക്കോട എന്ന റൊട്ടി പോലെയാണ്. വിദേശിയായ വെളുത്ത ബ്രെഡിനെ മൊരിച്ചെടുത്ത് ശരിയായ ഇന്ത്യന്‍ പലഹാരമാക്കുന്ന പോലെ. അല്ലെങ്കില്‍ വിദേശത്ത് നിന്ന് ലഭിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയുടെ സാരാംശം പ്രതിധ്വനിക്കുന്ന കലാരൂപമായ ഇന്ത്യന്‍ സിനിമ സൃഷ്ടിക്കുന്നത് പോലെ. റൊട്ടിപക്കോടയോ സിനിമയോ പോലെ, ഇന്ത്യന്‍ ഭരണഘടന നമ്മുടെ നാടന്‍ പ്രതിഭയുടെ സാക്ഷ്യപത്രമാണ്. അത് ഒരു നിയമസംഹിതയാണ്. സുവ്യക്തവും വളരെ ആധുനികവുമായ ഒന്ന്. 

Content Highlights: constitution of india a study by yogenrda yadav