പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം- നിലപാടിൽ വ്യക്തതവരുത്തി കോൺഗ്രസ്

ന്യൂഡൽഹി: ബുധനാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പ്രധാനചർച്ചാവിഷയമായത് വന്ദേമാതര വിവാദമെന്ന് റിപ്പോർട്ട്. വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ ദീർഘകാലമായി പിന്തുടർന്നുവന്നിരുന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൻ പ്രകാരം, പാർട്ടിയുടെ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിക്കും. 1937-ലാണ് വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതിയെന്ന നിലപാട് കോൺഗ്രസ് കൈക്കൊണ്ടത്. ഇത് തുടരാനാണ് തീരുമാനം.
നേരത്തെ, വന്ദേമാതരത്തിന്റെ ആറുചരണങ്ങൾ പൂർണമായി ആലപിക്കണമെന്ന മോദിസർക്കാരിന്റെ തീരുമാനത്തോട് കോൺഗ്രസ് കടുത്ത എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും എഐസിസി ആസ്ഥാനത്ത് നടത്തിയ സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
രണ്ടുചരണം കഴിഞ്ഞിട്ടും ആലാപനം നീളുന്നത് തിരിച്ചറിഞ്ഞ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പലവട്ടം നിർത്തുന്നതിനായി ഇടപെടാൻ ശ്രമിച്ചെങ്കിലും ഗാനാലാപനം തുടരുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം ആലാപനവും അതേച്ചൊല്ലി ഉയർന്ന വിവാദങ്ങളും ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
Content Highlights: Congress Working Committee discussed the Vande Mataram controversy., Party will continue its 1937 policy of singing only the first two stanzas., Decision comes after a recent full-length rendition at the AICC headquarters sparked political debate.