അശ്ലീല വീഡിയോകൾ പ്രചരിച്ചു; മുൻ എം.എൽ.എയെ സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ കോൺഗ്രസ്

ജയ്പുർ: അശ്ലീല വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുൻ എം.എൽ.എയെ സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ കോൺഗ്രസ്. ബാർമറിലെ മുൻ എം.എൽ.എ മേവാരം ജയിനിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അധാർമിക പ്രവർത്തനങ്ങൾ ജയിനിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തുടർന്ന് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുന്നതായി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാര അറിയിച്ചു.
നേരത്തെ, 2023 ഡിസംബർ 20-ന് കൂട്ടബലാത്സംഗം ആരോപിച്ച് ജയിനിനെതിരെ ഒരു യുവതി പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, അന്ന് എം.എൽ.എ ആയിരുന്ന ജയിൻ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. പിന്നാലെ, ജയിനിന് പകരം പണം തട്ടാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് തന്നെ അറസ്റ്റ് ചെയ്തതായും അവർ വ്യക്തമാക്കിയിരുന്നു.
ജോധ്പുരിലെ രാജിവ് ഗാന്ധി പോലീസ് സ്റ്റേഷനിലായിരുന്നു ജെയിൻ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ യുവതി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, രാജസ്ഥാൻ ഹെെക്കോടതി ജനുവരി 25 വരെ എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും പോലീസ് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
Content Highlights: congress suspends ex MLA mewaram jain after obscene video go viral