‘നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച്, ചീഫ് ജസ്റ്റിസിന് നിവേദനം നൽകും’; സമരത്തിൽ അണിചേരാൻ ആഹ്വാനംചെയ്ത് രാഹുൽ

#ന്യൂസ് ഡെസ്‌ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്ച മാർച്ച് സംഘടിപ്പിക്കും. വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘ഇന്നലെ ഡൽഹിയിൽ, രാജ്യത്തെ യുവാക്കൾ സമാധാനപരമായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങി. അവരുടെ ഹൃദയങ്ങളിൽ വിദ്വേഷമോ രോഷമോ ആയിരുന്നില്ല, സ്‌നേഹമായിരുന്നു. എന്നാൽ പോലീസും ബിജെപി ഗുണ്ടകളും അവരെ മർദിച്ചു’, രാഹുൽ എക്‌സിലെ കുറിപ്പിൽ പറയുന്നു.

‘നമ്മൾ ആഗ്രഹിക്കുന്ന ഇന്ത്യ ഇതല്ല. നാളെ പാർട്ടി, ലിംഗം, ജാതി, സമുദായം, സംസ്ഥാനം തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യക്കാരെന്ന നിലയിൽ നാം സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. യുവാക്കളും പ്രതിപക്ഷ പാർട്ടികളും സാമൂഹിക സംഘടനകളും ജനാധിപത്യത്തിൽ വിശ്വസിക്കുകയും ഇന്ത്യൻ ഭരണഘടനയ്‌ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന സകലരും ഞങ്ങളോടൊപ്പം അണിചേരും. 

വോട്ട് മോഷണം അവസാനിപ്പിക്കുക, എസ്‌ഐആർ നിർത്തിവയ്ക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നാം നിവേദനം സമർപ്പിക്കും. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ദോവൽ, മോഹൻ ഭാഗവത് എന്നിവർക്ക് ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല. ഈ ഭീരുക്കൾക്ക് ഞങ്ങളെ ഭയപ്പെടുത്താനുമാവില്ല. അവർക്ക് അധികാരത്തിൽനിന്ന് മാറിനിൽക്കേണ്ടിവരും. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ദേശസ്‌നേഹത്തോടെയും നാം ഒരുമിച്ച് മാർച്ച് നടത്തും. ഭയപ്പെടരുത്. നാളെ ഇന്ത്യയൊന്നാകെ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും’, രാഹുൽ എക്‌സിലെ കുറിപ്പിൽ പറഞ്ഞു.

Content Highlights: Congress is organizing a nationwide protest against Chief Election Commissioner Gyanesh Kumar., A march to the Supreme Court is scheduled for Monday, led by opposition leader Rahul Gandhi., Demands include ending vote theft, stopping SIR, and the resignation of CEC Gyanesh Kumar., A memorandum will be submitted to the Chief Justice of India representing the voice of the nation.