വിട്ടുവീഴ്ച്ചയ്ക്ക് തയ്യാർ, മാന്യമായ വിഹിതം വേണം; യു.പി തിരഞ്ഞെടുപ്പിൽ 172 മണ്ഡലങ്ങളുടെ പട്ടിക എസ്.പിക്ക് കൈമാറി കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് | Photo: ANI
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് | Photo: ANI

ലഖ്‌നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട്, 172 നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്ക് (എസ്.പി.) കൈമാറി. ഇന്ത്യ സഖ്യത്തിലെ പ്രധാന പങ്കാളികളായ ഇരുപാർട്ടികളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച പട്ടിക നൽകിയതെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

പ്രിയങ്ക ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗങ്ങൾക്കും സമാജ്‌വാദി പാർട്ടി നേതാക്കളുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്കും ശേഷമാണ് മുൻഗണനാടിസ്ഥാനത്തിലുള്ള നാല് വിഭാഗങ്ങളായി തരംതിരിച്ച ഈ പട്ടിക സമർപ്പിച്ചത്. സീറ്റ് വിഭജന ചർച്ചകളിൽ വ്യത്യസ്ത നിലപാടുകളാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് തരത്തിലുള്ള പട്ടിക നൽകിയിരിക്കുന്നത്.

'എ' വിഭാഗത്തിൽ ഉൾപ്പെടുത്തിയ മണ്ഡലങ്ങളിൽ കോൺഗ്രസ് തങ്ങളുടെ നിലപാട് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇവിടെ വിട്ടുവീഴ്ചയ്ക്ക് സാധ്യത കുറവാണ്. 'ബി' വിഭാഗത്തിലെ സീറ്റുകളിൽ ചെറിയ മാറ്റങ്ങൾക്ക് തയ്യാറാണ്. 'സി', 'ഡി' വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മണ്ഡലങ്ങളിൽ കൂടുതൽ വിട്ടുവീഴ്ചകൾക്കും ചർച്ചകൾക്കും കോൺഗ്രസ് പൂർണമായും തയ്യാറാണ്.

വിജയസാധ്യതയുള്ള മണ്ഡലങ്ങൾ മുൻകൂട്ടി കണ്ടെത്തി ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തങ്ങൾ ഉറച്ചുനിൽക്കുന്ന മണ്ഡലങ്ങളും എസ്.പിയുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്താനാവുന്ന മണ്ഡലങ്ങളും തിരിച്ചറിയാൻ നാല് വിഭാഗങ്ങളായുള്ള ഈ തരംതിരിക്കൽ സഹായിക്കുന്നുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഒരു നിശ്ചിത എണ്ണം സീറ്റുകൾ വേണമെന്ന് കോൺഗ്രസ് നിർബന്ധം പിടിക്കുന്നില്ലെന്നും സഖ്യത്തിൽ മാന്യമായ പ്രാതിനിധ്യമാണ് ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ 172 മണ്ഡലങ്ങളുടെ ഈ പട്ടിക ചർച്ചകൾക്കുള്ള മുൻഗണന മാത്രമാണെന്നും മത്സരിക്കാൻ ഉദ്ദേശിക്കുന്ന അന്തിമ സീറ്റുകളുടെ എണ്ണമല്ലെന്നും പാർട്ടി ചൂണ്ടിക്കാണിക്കുന്നു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഉത്തർപ്രദേശിൽ ഒന്നിച്ചാണ് മത്സരിച്ചത്. ആകെ 80 ലോക്‌സഭാ സീറ്റുകളിൽ 37 എണ്ണത്തിൽ എസ്.പിയും ആറെണ്ണത്തിൽ കോൺഗ്രസും വിജയിച്ചു. ഏറ്റവും കൂടുതൽ എം.പിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന ഉത്തർപ്രദേശിൽ, ഇരുപാർട്ടികളും ചേർന്ന് നേടിയ 43 സീറ്റുകൾ ഇന്ത്യ സഖ്യത്തിന് വലിയ നേട്ടമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഹകരണം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് സഖ്യം ശ്രമിക്കുന്നത്. എങ്കിലും സീറ്റ് വിഭജനം ചർച്ചകളിലെ പ്രധാന കടമ്പയാകാൻ സാധ്യതയുണ്ട്.

Content Highlights: Congress has initiated seat-sharing discussions for the upcoming Uttar Pradesh assembly elections by handing over a list of 172 potential constituencies to the Samajwadi Party while demanding a respectful share.