നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ തകർത്തു, വോട്ട് നിരോധനം രാഷ്ട്രത്തേയും; മോദിക്കെതിരേ കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
ജയറാം രമേശ്, നരേന്ദ്ര മോദി | PHOTO: PTI
ജയറാം രമേശ്, നരേന്ദ്ര മോദി | PHOTO: PTI

ന്യൂഡൽഹി: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്നും 'വോട്ട് നിരോധനം' രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥിതിയെ തകർക്കുകയാണെന്നും കോൺഗ്രസ്. രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാവനകളാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. പത്തുവർഷം പിന്നിടുമ്പോഴും നോട്ട് നിരോധനം വലിയ പരാജയമായി തുടരുകയാണെന്ന വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1,000 രൂപയുടെ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തിന്റെ ഓരോ വാർഷികത്തിലും മോദി സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്താറുണ്ട്. തിടുക്കത്തിൽ നടപ്പാക്കിയ തീരുമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഇളക്കിയെന്നും ഈ വൻ ദുരന്തത്തിന് പ്രധാനമന്ത്രിയോട് രാജ്യം പൊറുക്കില്ലെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

നോട്ട് നിരോധനത്തെ നേരത്തെയും കോൺഗ്രസ് 'ചരിത്രപരമായ മണ്ടത്തരം' എന്ന് വിശേഷിപ്പിച്ചിരുന്നു. ഓരോ ഘട്ടത്തിലും ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരുന്ന മോദി സർക്കാറിന് പ്രഖ്യാപിച്ച ഒരു കാര്യംപോലും നോട്ട് നിരോധനത്തിലൂടെ കൈവരിക്കാനായില്ലെന്നും പാർട്ടി ആരോപിച്ചിരുന്നു.