കേന്ദ്രസർക്കാരിനെതിരേ മൂന്നുമാസത്തെ ദേശവ്യാപക പ്രചാരണത്തിന് കോൺഗ്രസ്

#സ്വന്തം ലേഖകൻ
ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ, ചുമതലക്കാർ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിൽ എഐസിസി പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും |AICC/ANI Photo
ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ, ചുമതലക്കാർ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിൽ എഐസിസി പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും |AICC/ANI Photo

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ 12 വർഷം പിന്നിട്ടതിനു പിന്നാലെ രാജ്യത്തെ ജനകീയപ്രശ്നങ്ങൾ ഉയർത്തി മൂന്നുമാസത്തെ ദേശവ്യാപകപ്രചാരണത്തിന് കോൺഗ്രസ്. ഇന്ദിരാഭവനിൽ വ്യാഴാഴ്ച ചേർന്ന ജനറൽ സെക്രട്ടറിമാരുടെയും പി.സി.സി. അധ്യക്ഷന്മാരുടെയും സംസ്ഥാനചുമതലക്കാരുടെയും യോഗത്തിലാണ് തീരുമാനം.

ആദ്യ മൂന്നുമാസത്തെ പ്രചാരണപരിപാടികൾക്ക് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അന്തിമതീരുമാനമാവുമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ ആദ്യഘട്ട പ്രചാരണം ഡൽഹിയിൽ വൻറാലിയോടെ സമാപിക്കും

മോദിസർക്കാർ രാജ്യത്തെ അതിഗുരുതരാവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾ എല്ലാ ദുരിതങ്ങളുമനുഭവിക്കുമ്പോഴും വൈകാരിക വിഷയങ്ങളുയർത്തി അവരുടെ ശ്രദ്ധതിരിക്കുകയാണ് മോദിയും ബി.ജെ.പി.യും ആർ.എസ്.എസും. രാജ്യത്തെ എല്ലാ പാർട്ടികളെയും ഒന്നൊന്നായി ഇല്ലാതാക്കുകയാണ് ബി.ജെ.പി.

ആർ.എസ്.എസിനെയും ബി.ജെ.പി.യെയും നേരിടാനാവുക കോൺഗ്രസിനു മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കണം.

മധ്യപ്രദേശ്, ഒഡിഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, അന്തമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആദിവാസിമേഖലകളിലെ ഭരണഘടനാ വ്യവസ്ഥകൾ പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരായ വ്യവസായികൾക്ക് നേട്ടമുണ്ടാക്കാൻ മനഃപൂർവം ലംഘിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

പെട്രോൾ, ഡീസൽ, പാചകവാതകം, മറ്റ് അവശ്യവസ്തുക്കളുടെ വിലവർധന, നീറ്റ്-സി.ബി.എസ്.ഇ. പരീക്ഷാ പ്രശ്‌നം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. എല്ലാ പി.സി.സി.കളും യോഗം ചേർന്ന് പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യും.

വോട്ട് ചോരിക്കുശേഷം ഇപ്പോൾ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഭൂരിപക്ഷം ലഭിക്കാൻ മറ്റു പാർട്ടികളിൽനിന്നും എം.പി.മാരെ രാജിവെപ്പിച്ച് ബി.ജെ.പി. എം.പി.മാരാക്കിമാറ്റുകയാണ്.

നീറ്റ്-സി.ബി.എസ്.ഇ. വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിയോട് രാജി ആവശ്യപ്പെടുമ്പോഴും അദ്ദേഹം ചിത്രത്തിലേക്ക് വരുന്നില്ല. മാധ്യമങ്ങളും ഇത്തരം വിഷയങ്ങൾ വലിയതോതിൽ പ്രതിഫലിപ്പിക്കുന്നില്ല. രാജ്യത്തെ ഈ സാഹചര്യം അപകടകരമാണ്. ഒരുവശത്ത് ജനാധിപത്യം ഇല്ല, മറുവശത്ത് സാധാരണക്കാർ ഉപജീവനത്തിനായി പോരാടുന്നു.

ഝാർഖണ്ഡിലെ രാജ്യസഭാ സീറ്റ് വിഷയം രാഷ്ട്രീയപരമായും നിയമപരമായും നേരിടും. യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാഗാന്ധി, ജയറാം രമേഷ്, കേരളത്തിൽനിന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Three-month nationwide protest campaign planned by Congress., Focus on price hikes, NEET-CBSE exam issues, and constitutional violations., Rahul Gandhi criticizes BJP for diverting attention from core public issues., Legal and political battle planned against seat-poaching allegations., Grand finale rally planned in Delhi.