59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാർ; രണ്ട് പേർ നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാർ എത്തുന്നു. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി.വിശ്വനാഥ് എന്നിവർ വ്യാഴാഴ്ച വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മേയ് 10-ന് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒൻപത് ടി.വി.കെ. നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തത്. മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എക്‌സിലൂടെ അറിയിച്ചു. 'ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ്' കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച ജനക്ഷേമ-ജനസൗഹൃദ ഭരണത്തിന്റെ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കാൻ അവർ പ്രവർത്തിക്കുമെന്നും തങ്ങൾ വിശ്വസിക്കുന്നുവെന്നും വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ്. രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി. വിശ്വനാഥ്.
കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാധിനിധ്യം ഉണ്ടായിരുന്നില്ല. '1984ലും 1991-ലും കോൺഗ്രസിന് 60-ൽ അധികം എംഎൽഎമാർ ഉണ്ടായിരുന്നിട്ടും ഞങ്ങൾ സർക്കാരിൽ ഉണ്ടായിരുന്നില്ല. 2006-ൽ, 34 എംഎൽഎമാരുള്ള ഡിഎംകെ ന്യൂനപക്ഷ സർക്കാരിനെ പിന്തുണച്ചിട്ടും, ഞങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല. 18 എംഎൽഎമാരുള്ള 2021-ൽ പോലും കോൺഗ്രസിന് മന്ത്രിതല പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.. ഇന്ന്, വെറും 5 എംഎൽഎമാരുമായി, നമ്മുടെ രണ്ട് സഹപ്രവർത്തകർ മന്ത്രിമാരാകാൻ ഒരുങ്ങുന്നു. ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസിന് വീണ്ടും പ്രാതിനിധ്യം ലഭിക്കും'കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു എക്‌സിൽ ചൂണ്ടിക്കാട്ടി.
വിജയ് മന്ത്രിസഭയുടെ അംഗബലം ഘട്ടംഘട്ടമായി 34 വരെയായി ഉയർത്താനാണ് ആലോചിക്കുന്നത്. ആദ്യവികസനത്തിൽ എത്രപേരെ ഉൾപ്പെടുത്തുമെന്ന് വ്യക്തമല്ല. അഞ്ച് എം.എൽ.എ.മാരുള്ള സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനം നൽകാനാണ് ഇപ്പോൾ ധാരണ. വിസികെ,ഇടതുപാർട്ടികൾ, മുസ്ലിം ലീഗ് എന്നിവരും വിജയ് സർക്കാരിന് പിന്തുണ നൽകുന്നുണ്ട്. ഇവരോടും മന്ത്രിസഭയിൽ ചേരാൻ വിജയ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ടിവികെ വൃത്തങ്ങൾ പറയുന്നത്.
അതേസമയം വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിനെ പിന്തുണച്ച അണ്ണാ ഡി.എം.കെ. വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടിയുയർത്തിയ 25 അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരാണ് വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ടുചെയ്തത്. അതിലൊരാൾ പിന്നീട് എടപ്പാടിപക്ഷത്തേക്കുമാറി. വിമതനീക്കത്തിന് നേതൃത്വം നൽകിയ സി.വി. ഷൺമുഖം, എസ്.പി. വേലുമണി, സി. വിജയഭാസ്‌കർ, എം.ആർ. വിജയഭാസ്‌കർ, ആർ. കാമരാജ്, കെ.പി. അൻപഴകൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളുണ്ട്. എട്ടുമന്ത്രിസ്ഥാനം വിമതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ വിമത അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർക്ക് മന്ത്രിസ്ഥാനം നൽകരുതെന്ന് സർക്കാരിനെ പിന്തുണയ്ക്കുന്ന കോൺഗ്രസും വി.സി.കെ.യും ഇടതുപാർട്ടികളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.എം.കെ.യെയും അണ്ണാ ഡി.എം.കെ.യെയും മാറ്റിനിർത്താനാണ് ജനങ്ങൾ ടി.വി.കെ.യ്ക്ക് വോട്ടുചെയ്തതെന്നും വിമതരെ മന്ത്രിസഭയിലെടുക്കുന്നത് ജനവിധിക്കുവിരുദ്ധമാണെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.
Content Highlights: Congress returns to Tamil Nadu cabinet after 59 years., MLAs Rajesh Kumar and P. Vishwanath appointed as ministers., Decision approved by Mallikarjun Kharge.