'ഹൗഡി മോദി പ്രശംസകളെല്ലാം പാഴായി'; യുഎസ് തീരുവയിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. യുഎസ് പ്രസിഡന്റുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തിന് വലിയ അർത്ഥമൊന്നുമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.
'പ്രസിഡന്റ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയിരിക്കുന്നു. അദ്ദേഹവും 'ഹൗഡി മോദി'യും തമ്മിലുള്ള എല്ലാ പ്രശംസകളും വെറുതെയായി.' ജയറാം രമേശ് 'എക്സ്' പോസ്റ്റിൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമേരിക്കൻ പ്രസിഡന്റിനെതിരെ നിലപാടെടുക്കാൻ മോദി തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
'യുഎസ് പ്രസിഡന്റ് ഇന്ത്യയ്ക്കെതിരെ നടത്തിയ അപമാനങ്ങളിൽ മിണ്ടാതിരുന്നാൽ- ഓപ്പറേഷൻ സിന്ദൂർ തടഞ്ഞെന്ന 30 അവകാശവാദങ്ങൾ, പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിന് പശ്ചാത്തലമൊരുക്കിയ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ പാകിസ്താൻ സൈനിക മേധാവിക്ക് നൽകിയ പ്രത്യേക ഉച്ചഭക്ഷണം, ഐഎംഎഫിൽനിന്നും ലോകബാങ്കിൽനിന്നും പാകിസ്ഥാന് സാമ്പത്തിക പാക്കേജുകൾക്കുള്ള യുഎസ് പിന്തുണ എന്നിവയിൽ - ഇന്ത്യക്ക് പ്രസിഡന്റ് ട്രംപിൽനിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് ശ്രീ മോദി കരുതി. എന്നാൽ അത് സംഭവിച്ചില്ല.' അദ്ദേഹം പറഞ്ഞു.
ട്രംപ് തന്റെ ഉറ്റ സുഹൃത്താണെന്ന് മോദി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യക്ക് മേൽ തീരുവ ചുമത്തുക എന്നതായിരുന്നു യുഎസ് പ്രസിഡന്റിന്റെ അജണ്ടയെന്ന് വ്യക്തമായിരുന്നുവെന്ന് കോൺഗ്രസ് എംപിയായ ചമല കിരൺ കുമാർ റെഡ്ഡി പറഞ്ഞു. ഇത് കയറ്റുമതിയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നതിനാൽ യുഎസുമായി എത്രയും പെട്ടെന്ന് ഒരു വ്യാപാര കരാർ ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: All taarif between Trump and 'Howdy Modi' meant little: jairam Ramesh