പലസ്തീനെ പിന്തുണച്ച് പ്രമേയം, ആവശ്യമുന്നയിച്ചത് ചെന്നിത്തല; കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പ്രമേയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത. നിലവില്‍ അംഗീകരിക്കപ്പെട്ട പ്രമേയം തീവ്രവാദ ആക്രമണത്തെ സാധൂകരിക്കുന്നതിന് സമാനമാണെന്നാണ് എതിര്ക്കുന്നവുരടെ അഭിപ്രായം. ഹമാസിനെക്കുറിച്ചോ തീവ്രവാദത്തെക്കുറിച്ചോ പരാമര്‍ശമില്ലാത്ത പ്രമേയം തിരിച്ചടിക്ക് കാരണമാവുമെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍നിന്നുള്ള സ്ഥിരംക്ഷണിതാവായ രമേശ് ചെന്നിത്തലയാണ് പ്രമേയത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് യോഗത്തില്‍ ഉന്നയിക്കുകയുണ്ടായെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്കമാക്കിയിരുന്നു. തീവ്രവാദം ആരുടെ ഭാഗത്തുനിന്നായാലും അതിന് എതിരാണെന്ന് പറഞ്ഞ അദ്ദേഹം, എന്നാല്‍ എല്ലാകാലത്തും പലസ്തീന് ജനതയോടൊപ്പമാണ് കോണ്‍ഗ്രസെന്നും അതിനൊപ്പം നില്‍ക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രമേയത്തിന്റെ കരടില്‍ പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ജാതി സെന്‍സസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു പ്രധാനമായും ചൊവ്വാഴ്ച പ്രവര്‍ത്തകസമിതി കൂടിയത്. സംഘര്‍ഷത്തെക്കുറിച്ച് പ്രമേയം അവതരിപ്പിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടപ്പോള്‍, ഹമാസിന്റെ തീവ്രവാദത്തെ അപലപിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, പ്രമേയത്തില്‍ ജാതി സെന്സസിനായിരിക്കണം പ്രാധാന്യമെന്നും ആവശ്യമെങ്കില്‍ സംഘര്‍ഷത്തെക്കുറിച്ച് പിന്നീട് പ്രസ്താവന ഇറക്കാമെന്നും എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, പലസ്തീന് ജനതയുടെ ഭൂമി, സ്വയംഭരണം, അന്തസ്സോടെയും ആഭിജാത്യത്തോടെയുമുള്ള ജീവിതം എന്നീ അവകാശങ്ങളില്‍ പിന്തുണ ആവര്‍ത്തിക്കുന്നതായി വ്യക്തമാക്കി പ്രവര്‍ത്തകസമിതി പ്രമേയം അംഗീകരിച്ചു. ഇസ്രയേല്‍ ജനതയ്ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നു എന്ന ജയറാം രമേഷിന്റെ കഴിഞ്ഞദിവസത്തെ അഭിപ്രായം തള്ളുന്ന രൂപത്തിലുള്ള പ്രമേയമായിരുന്നു പാസാക്കിയത്. അടിയന്തരമായി വെടിനിര്‍ത്തല്‍ ഉണ്ടാവണമെന്നും പ്രമേയത്തിലുണ്ടായിരുന്നു.
ഹമാസെന്നോ തീവ്രവാദമെന്നോ പരമാര്‍ശം ഇല്ലാത്തതിനെതിരെ ശശി തരൂരും പവന് കുമാര്‍ ബന്‍സാലും രംഗത്തെത്തി. തുടര്‍ന്ന് എല്ലാതരത്തിലുമുള്ള തീവ്രവാദത്തെ അപലപിക്കണമെന്ന ആവശ്യവുമായി ആറോളം പ്രവര്‍ത്തകസമിതി അംഗങ്ങള്‍ രംഗത്തെത്തിയെന്നാണ് വിവരം. ഇതിന് പിന്നാലെ ഇടപെട്ട ഖാര്‍ഗെ ജാതി സെന്‍സസില്‍നിന്ന് ശ്രദ്ധവ്യതിചലിക്കരുതെന്ന് ആവശ്യപ്പെട്ടുവെങ്കിലും എതിര്‍പ്പുകളെ അവഗണിച്ചുള്ള പ്രമേയമായിരുന്നു അംഗീകരിക്കപ്പെട്ടത്.
Content Highlights: congress cwc resolution skips hamas terrorism Israel Palestine conflict difference in opinion