‘SIR-ന്‍റെ പേരിൽ രാജ്യത്ത് അരാജകത്വം’; സമ്മർദംമൂലം മരിച്ച ബിഎൽഒമാരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: PTI
രാഹുൽ ഗാന്ധി | Photo: PTI

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പുതുക്കല്‍ (എസ്‌ഐആര്‍) നടപടികളുടെ സമ്മര്‍ദംമൂലം കുഴഞ്ഞുവീണു മരിക്കുകയോ ജീവനൊടുക്കുകയോ ചെയ്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. കേരളമുള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലെ മരണപ്പെട്ട 14 ബിഎല്‍ഒമാരുടെ പേരുകളും ചിത്രങ്ങളുമാണ് കോണ്‍ഗ്രസ് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. 

എസ്‌ഐആര്‍ തൊഴിലാളികള്‍ നേരിടുന്ന താങ്ങാനാവാത്ത സമ്മര്‍ദം മുന്‍നിര്‍ത്തി, ജീവനേക്കാള്‍ പ്രധാനമാണോ ഡെഡ്‌ലൈന്‍ എന്ന ചോദ്യം പങ്കുവെച്ചുകൊണ്ടാണ് ചിത്രം പുറത്തുവിട്ടത്. ചിത്രത്തില്‍ താഴെയായി ‘എസ്‌ഐആര്‍ വധശിക്ഷയാകുമ്പോള്‍’ എന്നും ചേര്‍ത്തിട്ടുണ്ട്. ഗുജറാത്തില്‍നിന്നുള്ള നാലുപേര്‍, പശ്ചിമ ബംഗാളില്‍നിന്ന് മൂന്നുപേര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതം, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.

വോട്ടര്‍പട്ടിക പുതുക്കലിന്റെ മറവില്‍ രാജ്യത്തുടനീളം അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണെന്നും തത്ഫലമായി മാനസിക സമ്മര്‍ദം മൂലം മൂന്നാഴ്ചയ്ക്കിടെ 16 ബിഎല്‍ഒമാര്‍ മരിച്ചെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. എസ്‌ഐആര്‍ ഒരു പരിഷ്‌കാരമല്ല, മറിച്ച് അടിച്ചേല്‍പ്പിക്കപ്പെട്ട സ്വേച്ഛാധിപത്യമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

എസ്‌ഐആര്‍ മൂലം പൗരന്മാര്‍ പീഡിപ്പിക്കപ്പെടുന്നു. അനാവശ്യ സമ്മര്‍ദംമൂലമുള്ള ബിഎല്‍ഒമാരുടെ മരണങ്ങളെ പാര്‍ശ്വഫലങ്ങള്‍ എന്നു പറഞ്ഞ് തള്ളിക്കളയുന്നു. അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാന്‍വേണ്ടി ജനാധിപത്യം ബലികഴിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

Content Highlights: Congress Releases List of Booth Level Officers Who Died Amid Voter List Revision Pressure