ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; മുഖ്യമന്ത്രിയെ മാറ്റിയേക്കും, വിമതരെ കാണാന്‍ DK

ഷിംല: ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളില്‍ അട്ടിമറി നടന്നതോടെ പ്രതിസന്ധിയിലായ സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കവുമായി പാര്‍ട്ടി. മുതിര്‍ന്ന നേതാക്കളായ ഡി.കെ.ശിവകുമാറിനെയും ഭൂപീന്ദര്‍ സിങ് ഹൂഡയെയും വിമത എംഎല്‍എമാരെ അനുയയിപ്പിക്കാനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു.
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശില്‍ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്‌വി അപ്രതീക്ഷിതമായി തോറ്റിരുന്നു. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണിത്.
ഇതിന് പിന്നാലെ സുഖ്വിന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് വിമത എംഎല്‍എമാരെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. സുഖ്വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള ആവശ്യങ്ങളാണ് വിമതര്‍ മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസിലെ 26 എംഎല്‍എമാര്‍ക്കും ഇതേ ആവശ്യമുണ്ടെന്നും വിമതര്‍ അവകാശപ്പെടുന്നു
മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ചരടുവലികളാണ് ഹിമാചലിലെ അട്ടിമറിക്ക് പിന്നിലെന്നാണ് സൂചന. ഇത് തിരിച്ചറിഞ്ഞാണ് ആനന്ദ് ശര്‍മയുമായി അടുപ്പമുള്ള ഭൂപീന്ദര്‍ സിങ് ഹൂഡയെ അനുയയത്തിനായി നിയോഗിച്ചിരിക്കുന്നത്.
സുധീര്‍ ശര്‍മ, രാജേന്ദര്‍ റാണ എന്നീ രണ്ട് എംഎല്‍എമാരാണ് വിമതര്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേ സമയം വിമതരെ അയോഗ്യരാക്കണമെന്നാണ് സുഖു വിഭാഗത്തിന്റെ ആവശ്യം.
ഇതിനിടെ പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ ബിജെപി എംഎല്‍എമാര്‍ക്കൊപ്പം ഹിമാചല്‍ ഗവര്‍ണര്‍ ശിവ്പാല്‍ ശുക്ലയെ കണ്ടു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
'അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെട്ടുവെന്ന് പറയാം' ഗവര്‍ണറെ കാണുന്നതിന് മുമ്പായി ജയ്‌റാം ഠാക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
68 അംഗ ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരാണുള്ളത്. മൂന്ന് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 25 എംഎല്‍എമാര്‍ മാത്രമാണുണ്ടായിരുന്നത്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം തിരിച്ചറിഞ്ഞ ബിജെപി ഇവിടെ ഒഴിവ് വന്ന ഏക രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ടെത്തിയ ഹര്‍ഷ് മഹാജനെ നിയോഗിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എ.മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ സിംഘ്‌വിക്കും ഹര്‍ഷ് മഹാജനും 34 വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലാണ് ഹര്‍ഷ് മഹാജന്‍ വിജയിയായത്.
Content Highlights: Congress appoints Bhupinder Hooda-DK Shivakumar as observers for Himachal Pradesh crisis