'റോയിയെ നിരന്തരം സമ്മർദത്തിലാക്കി'; ആദായനികുതി വകുപ്പിനെതിരേ ആരോപണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്

#മാതൃഭൂമി ന്യൂസ്
സി.ജെ. റോയി | Photo Courtesy: instagram.com/dr.roy.cj
സി.ജെ. റോയി | Photo Courtesy: instagram.com/dr.roy.cj

ബെംഗളൂരു: സി.ജെ. റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരേ ആരോപണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്. ആദായനികുതി വകുപ്പ് നിരന്തരം റോയിയെ സമ്മർദത്തിലാക്കിയെന്നാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആരോപണം. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡൈ്വസർ ആരോപിച്ചു. സി.ജെ. റോയിയുടെ സഹോദരനും സമാന ആരോപണവുമായി രംഗത്തെത്തി.

ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിൽവെച്ച് സി.ജെ. റോയ് വെടിയുതിർത്ത് ജീവനൊടുക്കിയത്. റെയ്ഡിനിടെ മുറിയിലേക്ക് പോയ റോയി, സ്വന്തം തോക്കെടുത്ത് തലയിൽ വെടിവെച്ച് മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 3.15-ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ മൂന്നുദിവസമായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബെംഗളൂരു ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നുവരികയാണെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. കൊച്ചിയിൽനിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയിരുന്നത്. കഴിഞ്ഞദിവസം ഇവർ ഒരുമുറിയിൽ നിരവധി രേഖകൾ സീൽചെയ്തുവെച്ചു. റെയ്ഡിന്റെ ആദ്യദിവസങ്ങളിൽ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനായ സി.ജെ. റോയ് സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച അദ്ദേഹം സ്ഥലത്തെത്തിയതോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യംചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനിടയിലുള്ള ഇടവേളയിൽ സി.ജെ. റോയ് സ്വന്തം മുറിയിലേക്ക് പോയെന്നും പിന്നാലെ അവിടെനിന്ന് വെടിയൊച്ച കേട്ടെന്നുമാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ മൊഴി. പരിശോധനയ്ക്കിടയിൽ യാതൊരുവിധ സമ്മർദവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും, സിജെ റോയ് കുറച്ചുകാലമായി തങ്ങളുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നുവെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. വൈകീട്ട് ആറുമണിയോടെ രേഖകളുമായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽനിന്ന് മടങ്ങിയത്.

സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു സെൻട്രൽ ഡിസിപി അക്ഷയ്‌യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും റോയിയുടെ മൊബൈൽഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച ബെംഗളൂരുവിലായിരിക്കും സി.ജെ. റോയിയുടെ സംസ്‌കാരം. റോയിയുടെ കുടുംബം നിലവിൽ വിദേശത്താണുള്ളത്. വെള്ളിയാഴ്ച രാത്രിയോടെ ഇവർ ബെംഗളൂരുവിലേക്ക് തിരിക്കും. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)