ആദായനികുതി പോര്‍ട്ടല്‍ തകരാര്‍: വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് എം.ഡി. ധനമന്ത്രാലയത്തിലെത്തി

സലില്‍ പരേഖ് ധനമന്ത്രാലയത്തിലെത്തിയപ്പോള്‍| Photo: ANI
സലില്‍ പരേഖ് ധനമന്ത്രാലയത്തിലെത്തിയപ്പോള്‍| Photo: ANI

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആരംഭിച്ച പുതിയ ഇ-പോര്‍ട്ടലിലെ തകരാറുകളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സലില്‍ പരേഖ് ധനമന്ത്രാലയത്തിലെത്തി. ഇന്‍ഫോസിസിനാണ് പോര്‍ട്ടലിന്റെ നിര്‍മാണച്ചുമതല. 

പോര്‍ട്ടലിനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍, പരേഖിനോട് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് മുന്നില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരേഖ് ധനമന്ത്രാലയത്തിലെത്തിയത്. പുതിയ  ഇ-പോര്‍ട്ടല്‍ (www.incometax.gov.in)  പ്രവര്‍ത്തനം ആരംഭിച്ച് രണ്ടരമാസമായിട്ടും ഇതുവരെ അപാകതകള്‍ പരിഹരിക്കാത്തതിനെ കുറിച്ചാണ് പരേഖിന് ധനമന്ത്രിക്ക് വിശദീകരണം നല്‍കേണ്ടത്. 

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ സുഗമവും ഉപയോഗസൗഹൃദവും ആകും എന്ന പ്രഖ്യാപനത്തോടെയാണ് ജൂണ്‍ ഏഴിന് പുതിയ പോര്‍ട്ടല്‍ തുടങ്ങിയത്. പഴയ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം മേയ് 31-ന് അവസാനിച്ചിരുന്നു. പുതിയ പോര്‍ട്ടലുമായി ബന്ധപ്പെട്ട് എങ്ങും പരാതികളുടെ പ്രവാഹമാണ്. 

ഐ.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനാവാതെയും അപ്പീലുകളില്‍ തീര്‍പ്പാക്കാന്‍ പാറ്റാതെയും നികുതിദായകര്‍ കുഴങ്ങുന്നു. പോര്‍ട്ടലിലെ തടസ്സത്തിന് സര്‍ക്കാര്‍ ഉത്തരവാദികളല്ലെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കല്‍ വൈകുമ്പോള്‍ അതിന് പലിശ കൊടുക്കേണ്ട ബാധ്യത നികുതിദായകരില്‍ വന്നുചേരുകയാണ്. 164.5 കോടിരൂപയാണ് പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ കേന്ദ്രം ഇന്‍ഫോസിസിന് നല്‍കിയത്.

വ്യക്തികള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. കമ്പനികള്‍ക്ക് ഒക്ടോബര്‍ മുപ്പത്തിയൊന്നും. 

content highlights: complaint over glitches in e filing portal; Infosys md and ceo reaches finance ministry  

Content Highlights: