വാണിജ്യ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; ഹോട്ടൽ ഭക്ഷണ നിരക്കുകൾ ഉയർന്നേക്കും

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

തിരുവനന്തപുരം/ന്യൂഡൽഹി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 62 രൂപ 50 പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പച്ചക്കറികൾ ഉൾപ്പെടെയുള്ള മറ്റ് അത്യാവശ്യ സാധനങ്ങൾക്കും അനുദിനം വില കയറുന്ന സാഹചര്യത്തിൽ, എൽപിജി വില വർധനകൂടി വന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമായി മാറിയിരിക്കുകയാണ്.

വിലവർധന നിലവിൽവന്നതോടെ സംസ്ഥാനത്തെ വിവിധ പ്രധാന നഗരങ്ങളിൽ എൽപിജി നിരക്കുകളിൽ മാറ്റം വന്നിട്ടുണ്ട്. കൊച്ചിയിൽ 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന്റെ ഇന്നത്തെ നിരക്ക് 2828 രൂപയായി ഉയർന്നു. കോഴിക്കോട്ട് സിലിണ്ടറിന് 2860 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് പുതിയ നിരക്കുകൾ. എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകളുടെ വില പുനർനിർണയിക്കുന്നത്.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ നിരക്കുകളാണ് നിലവിലെ ഈ വില വർധനയ്ക്ക് വഴിവെച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ എണ്ണയ്ക്ക് 100 ഡോളർ എന്ന നിരക്കിൽ ഉയർന്ന വില തുടരുന്ന ഘട്ടത്തിലാണ് കമ്പനികൾ ഈ മാസത്തെ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. ആഗോളതലത്തിൽ എണ്ണവില ഉയർന്നു നിൽക്കുന്നത് പ്രാദേശിക വിപണിയിലും എൽപിജി വിലവർധനയായി പ്രതിഫലിക്കുകയായിരുന്നു.

ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഗ്യാസിന്റെ വില ഉയർന്നതോടെ, ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടാൻ ഹോട്ടലുകൾ നിർബന്ധിതരായേക്കാം. മറ്റ് വിപണി സാധനങ്ങൾക്ക് ഒപ്പം എൽപിജി നിരക്കും കൂടിയ പശ്ചാത്തലത്തിൽ ഹോട്ടലുകൾ ഭക്ഷണ സാധനങ്ങളുടെ വില ഉയർത്തിയാൽ അത് സാധാരണക്കാരായ ജനങ്ങളെയാകും ഏറ്റവും പ്രതികൂലമായി ബാധിക്കുക.

രാജ്യത്ത് വ്യോമയാന ഇന്ധനവിലയും വർധിപ്പിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ സിംഹഭാഗവും കവരുന്ന വ്യോമയാന ഇന്ധനത്തിന്റെ വില വർധിച്ചത് വ്യോമയാന മേഖലയിൽ വലിയ സാമ്പത്തിക സമ്മർദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ സർവീസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കമ്പനികൾ നിരക്ക് വർധനയിലേക്ക് കടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യോമയാന കമ്പനികൾ നേരിടുന്ന ഈ അധിക സാമ്പത്തിക ബാധ്യത ഒടുവിൽ ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിക്കുകയും യാത്രക്കാരിലേക്ക് എത്തുകയും ചെയ്യും.