“മൈ ഫ്രണ്ട്, ഹൗ ആർ യു”; രാഹുലിന്റെ വേദിയിൽ ‘മോദിയുടെ ആലിംഗനം’; പരിഹാസം അതിരുവിട്ടെന്ന് വിമർശനം

ഇന്ദോർ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിക്കിടെ, സ്റ്റാൻഡപ്പ് കൊമേഡിയൻ പുൽകിത് മണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ചത് വിവാദമായി. ശനിയാഴ്ച ഇന്ദോറിൽനടന്ന പരിപാടിക്കിടെയാണ് മോദിയുടെ ചിരിയും സംഭാഷണവും ചേഷ്ടകളും പുൽകിത് അനുകരിച്ചത്. വേദിയിൽ “മൈ ഫ്രണ്ട്, ഹൗ ആർ യു” എന്നുചോദിച്ച് രാഹുലിനെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു പുൽകിതിന്റെ അവതരണം. ‘‘ഹൗ ആർ യു മോദിജി’’ എന്ന് രാഹുൽ തിരിച്ചുചോദിക്കുന്നുമുണ്ട്. തുടർന്ന്, പ്രധാനമന്ത്രിയുടെ ചില പ്രയോഗങ്ങളും പ്രസംഗശൈലിയും ചിരിയുമെല്ലാം നർമരൂപത്തിൽ അവതരിപ്പിച്ചു. വീഡിയോ വൈറലായതോടെ കടുത്തവിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി.
ഇതിലൂടെ കോൺഗ്രസ് പാർട്ടി കോമാളിപ്പാർട്ടിയായി മാറുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചു. ‘‘സംസ്കാരമില്ലാത്ത, ഒന്നിലും സംതൃപ്തിയില്ലാത്ത കാരണവരുടെ’’ പ്രവൃത്തിക്കു തുല്യമാണിതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. പ്രധാനമന്ത്രിയെ മോശമാക്കി ചിത്രീകരിച്ച് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി കണ്ണാടിനോക്കണമെന്നും ഗോയൽ പറഞ്ഞു.
വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള പരിപാടിയിൽ ഇത്തരമൊരു പ്രകടനം നടത്തുന്നതിന്റെ ഔചിത്യവും ചോദ്യംചെയ്യപ്പെട്ടു. കഴിഞ്ഞമാസം ന്യൂഡൽഹിയിൽനടന്ന കോൺഗ്രസ് ദേശീയ കൺവെൻഷനിലും വിദേശനേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രിയുടെ രീതിയെ രാഹുൽ വിമർശിച്ചിരുന്നു.
Content Highlights: Stand-up comedian Pulkit Mani mimicked PM Narendra Modi at Rahul Gandhi's 'Chatrom Ki Goonj' event in Indore., The act included imitating Modi's laughter, speech, and gestures, alongside an interaction with Rahul Gandhi., Union Ministers Kiren Rijiju and Piyush Goyal strongly condemned the performance, calling it disrespectful., The viral video has sparked a major political row between the Congress and the BJP.