ഉത്തരേന്ത്യയില്‍ അതിശൈത്യം, മൂടല്‍മഞ്ഞ്; യു.പിയില്‍ 25 മരണം, വിമാന-തീവണ്ടി സര്‍വീസുകള്‍ വൈകി

ബാരമുള്ള ജില്ലയിലെ താങ്മാര്‍ഗില്‍ മഞ്ഞ് മൂടിയ മേഖലയിലൂടെ നടക്കുന്ന കുട്ടികള്‍| Photo: ANI
ബാരമുള്ള ജില്ലയിലെ താങ്മാര്‍ഗില്‍ മഞ്ഞ് മൂടിയ മേഖലയിലൂടെ നടക്കുന്ന കുട്ടികള്‍| Photo: ANI

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു. ഉത്തര്‍ പ്രദേശിലെ കാണ്‍പുരില്‍ ശീതതരംഗം കാരണം കഴിഞ്ഞ മൂന്നുദിവസത്തിനിടെ 25 പേര്‍ മരിച്ചു. വിമാനസര്‍വീസുകളും ട്രെയിന്‍ ഗതാഗതവും വൈകുകയാണ്. 

ജമ്മു കശ്മീരിലാണ് തണുപ്പ് ഏറ്റവും രൂക്ഷം. ലേയില്‍ താപനില തുടര്‍ച്ചയായി -15 ഡിഗ്രിയ്ക്കും താഴെയാണ് രേഖപ്പെടുത്തുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങില്‍ 1.9 ഡിഗ്രിയാണ് ഞായറാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 

ശീതതരംഗത്തെ പ്രതിരോധിക്കാനായി ലഖ്‌നൗവിലെ മൃഗശാലയ്ക്കുള്ളില്‍ ഹീറ്റര്‍ വെച്ചിരിക്കുന്നു| Photo: PTI 

പെട്ടെന്ന് താപനില താഴ്ന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പുരില്‍ കഴിഞ്ഞ ദിവസം 25 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്തസമ്മര്‍ദം പെട്ടെന്ന് കൂടിയതും രക്തം പെട്ടെന്ന് കട്ടപിടിച്ചതും ഹൃദയാഘാതത്തിലേക്ക് നയിച്ചതാണ് 25 പേരുടെയും മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കിഴക്കന്‍ ചമ്പാരനിലെ ബാപ്പുധാം മോതിഹാരി റെയില്‍വേ സ്‌റ്റേഷിനില്‍ തണുപ്പത്ത് ട്രെയിന്‍ കാത്തുനില്‍ക്കുന്നവര്‍| Photo: ANI 

17 പേര്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചതായും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 723 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സ തേടിയിട്ടുമുണ്ട്.

ബാരമുള്ള ജില്ലയിലെ താങ്മാര്‍ഗില്‍ മഞ്ഞ് മൂടിയ മേഖലയില്‍ കളിക്കുന്ന നടക്കുന്ന കുട്ടികള്‍| Photo: ANI 

മൂടല്‍മഞ്ഞ് ഗതാഗതസംവിധാനങ്ങളെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചവരെ മാത്രം ഡല്‍ഹി വിമാനത്തില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയിലൂടെ ഓടുന്ന 42 തീവണ്ടികളും വൈകി ഓടുന്നു.

അതിശൈത്യം ജനജീവിതം ദുസ്സഹമാക്കുകയാണ്. കനത്ത മൂടല്‍മഞ്ഞ് രണ്ടുദിവസം കൂടി തുടരുമെന്നാണ് വിവരം. അതിശൈത്യവും തുടരുമെന്നാണ് മുന്നറിയിപ്പ്. 

Content Highlights: cold wave and fog in northern india