ഹീറോയായി ഹെഡ്കോൺസ്റ്റബിൾ; പുകയില കടത്ത് തടയാൻ കാറിന്‌റെ മുകളിൽ തൂങ്ങിക്കിടന്നത് 40 കിലോമീറ്റർ

കോയമ്പത്തൂർ: നിരോധിത പുകയില കടത്തുന്നത് പിടികൂടാൻ ഓടുന്ന കാറിന്റെ മുകളിൽ 40 കിലോമീറ്റർ തൂങ്ങിക്കിടന്ന് കോവിൽപാളയം പോലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾ വേൽമുരുകൻ. ഒടുവിൽ സിനിമാസ്‌റ്റൈലിൽ കാർ തടഞ്ഞിട്ട് 170 കിലോ പുകയില ഉത്പന്നങ്ങളും കടത്തിയ മൂന്നു പ്രതികളെയും പിടികൂടുകയും ചെയ്തു.
ഞായറാഴ്ച രാവിലെയാണ് സംഭവം. കർണാടകയിൽനിന്ന് കോയമ്പത്തൂരിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി വന്ന ആഡംബര കാർ കോവിൽപാളയത്ത് പതിവ് വാഹനപരിശോധനയ്ക്കിടെ വേൽമുരുകനും എ.എസ്.ഐ. വിഘ്നേഷും ചേർന്ന് തടഞ്ഞു. കാറിന്റെ പിറകിലെ ചാക്കുകൾ പരിശോധിക്കാൻ തുനിഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ എ.എസ്.ഐ.യെ തള്ളിമാറ്റി പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തു. ഇതുകണ്ട ഹെഡ്കോൺസ്റ്റബിൾ വേൽമുരുകൻ കാർ തടയാൻ ശ്രമിക്കുകയും കഴിയാതെ വന്നപ്പോൾ കാറിന്റെ മുകളിലേക്ക് ചാടിക്കയറുകയും ചെയ്തു.
കാറിന്റെ മുകളിൽ പോലീസുകാരൻ ഉണ്ടെന്നറിഞ്ഞ സംഘം വണ്ടി അതിവേഗത്തിൽ വിളാങ്കുറിച്ചി ഭാഗത്തേക്ക് ഓടിച്ചുപോയി. തുടർന്ന് കാളപ്പെട്ടി, സിട്ര വഴി കണിയൂർ ടോൾഗേറ്റിലെത്തി ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയി. റോഡിലെ യാത്രക്കാർ ഈ ദൃശ്യം പകർത്തി സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. കോവിൽപാളയം പോലീസ് നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് പോലീസ് സംഘങ്ങളും ആംബുലൻസുകളും കാറിനെ പിന്തുടർന്നു.
അവിനാശി ഭാഗത്തേക്കാണ് കാർ പോയിരുന്നതെന്നതിനാൽ അവിനാശി പോലീസിനെയും അറിയിച്ചു. ഒടുവിൽ അവിനാശി അന്നപൂർണ ഹോട്ടലിനടുത്തുവെച്ച് കാറിനെ തടഞ്ഞിട്ടു. അപ്പോഴേക്കും കാർ 40 കിലോമീറ്റർ പിന്നിട്ടു. അത്രയും സമയം വേൽമുരുകൻ കാറിൽ തൂങ്ങിക്കിടക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ കാറിലെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ഒരാളെ പോലീസ് പിടികൂടി. ഇയാളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ മറ്റു രണ്ടുപേരെയും ഉടൻ പിടികൂടുകയും ചെയ്തു. രാജസ്ഥാൻ സ്വദേശികളായ രാജേഷ് കുമാർ(23), ബാബു ധര(27), സുരേഷ് കുമാർ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോവിൽപാളയം പോലീസ് അറിയിച്ചു. പുകയില ഉത്പന്നങ്ങളും കാറും പിടിച്ചെടുത്തു.
ബെംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്കാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. മന്ത്രിമാരായ കെ. വിഘ്നേഷ്, വി.സമ്പത്ത് കുമാർ എന്നിവർ വേൽമുരുകനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.