അധികൃതരുടെ വീഴ്ച: കൽക്കരിക്ഷാമം കാരണം താപവൈദ്യുത നിലയങ്ങൾ പ്രതിസന്ധിയിൽ, വൈദ്യുതി ഉത്പാദനത്തെ ബാധിച്ചേക്കും

തിരുവനന്തപുരം: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരിശേഖരം കുറയുന്നത് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചേക്കും. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കനുസരിച്ച് 190 കൽക്കരി താപവൈദ്യുത നിലയങ്ങളിൽ 74 എണ്ണത്തിലും ശേഖരം ഗണ്യമായി കുറഞ്ഞു. പലതിലും ഒരാഴ്ചത്തേക്കുള്ള ശേഖരമാണുള്ളത്. ഓഗസ്റ്റിൽ കൽക്കരിശേഖരം കുറഞ്ഞ നിലയങ്ങളുടെ എണ്ണം 51 ആയിരുന്നു.
നിലയങ്ങൾ പൂർണമായ ശേഷിയിൽ പ്രവർത്തിച്ചില്ലെങ്കിൽ വൈദ്യുതി ഉത്പാദനത്തിലും സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലും കുറവുണ്ടാകും. കഴിഞ്ഞവർഷവുമായി താരതമ്യംചെയ്യുമ്പോൾ കൽക്കരി ശേഖരത്തിൽ 42 ശതമാനം കുറവുള്ളതായാണ് കണക്ക്. പല പ്ലാന്റുകളിലും ഉത്‌പാദനം കുറഞ്ഞതോടെ നാഷണൽ ഗ്രിഡിൽ ഏകദേശം 12,000 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് കണക്ക്.
വൈദ്യുതി ഉപയോഗത്തിലുണ്ടാകുന്ന വർധന മുന്നിൽക്കണ്ട് കൽക്കരിയെത്തിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ. വൈദ്യുതി ഉത്‌പാദനത്തിന്റെ 50 ശതമാനവും താപവൈദ്യുതി നിലയങ്ങളിൽനിന്നാണ്. മറ്റു സ്രോതസുകളിൽനിന്ന് വിതരണത്തിൽ കുറവുണ്ടായാൽ ഗ്രിഡ് സ്ഥിരമായി നിലനിർത്തുന്നുന്നത് താപനിലയങ്ങളിൽനിന്നുള്ള വൈദ്യുതിയാണ്.
കൂടുതൽ കൽക്കരി ഖനനം നടക്കുന്ന ഒഡിഷ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ കനത്ത മഴ ഖനനെത്തയും ചരക്കുനീക്കത്തെയും ബാധിച്ചതാണ് പ്രതിസന്ധിക്കു കാരണം.
ജലവൈദ്യുതി ഉത്‌പാദനത്തിൽ 12 ശതമാനം കുറവുണ്ടായത് നികത്താൻ കൽക്കരി പ്ലാന്റുകളിലെ ഉത്‌പാദനം 18 ശതമാനം വർധിപ്പിച്ചതും പ്രതിസന്ധിക്കിടയാക്കി. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതോടെ സ്വകാര്യ കമ്പനികൾ വിദേശത്തുനിന്നുള്ള കൽക്കരി ഇറക്കുമതി കുറച്ച് തദ്ദേശീയ ഖനികളെ ആശ്രയിച്ചതും ക്ഷാമത്തിനിടയാക്കി.
Content Highlights: Severe coal shortages at 74 thermal power plants across India threaten national power supply. Heavy rains in mining belts, decreased imports due to high global prices, and increased thermal generation led to a 42 percent drop in coal reserves.