മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരം ബൈഭവ് ആക്രമിച്ചു- ആരോപണവുമായി സ്വാതി

സ്വാതി മാലിവാള്‍ | Photo: PTI
സ്വാതി മാലിവാള്‍ | Photo: PTI

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായി തന്നെ ആക്രമിച്ചുവന്ന ആരോപണവുമായി എ.എ.പിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍. കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണണമെന്നും അവര്‍ പറഞ്ഞതായി സി.എന്‍.എന്‍. ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായ സ്വാതി ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ്. കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെതിരേയാണ് ആരോപണം.

കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് (പി.സി.ആര്‍.) രണ്ട് ഫോണ്‍ കോളുകള്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ് രാവിലെ 9.34-ന് സ്വാതി മലിവാള്‍ പി.സി.ആറിലേക്ക് വിളിച്ചിരുന്നു. അവര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ വന്നു. എന്നാല്‍ പരാതി നല്‍കാതെ മടങ്ങി. പരാതി പിന്നീട് നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്, ഡല്‍ഹി നോര്‍ത്ത് ഡി.സി.പി. മനോജ് മീണ പറഞ്ഞു.

നേരത്തെ കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെ ഡല്‍ഹി വിജിലന്‍സ് വകുപ്പ് ഈയിടെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. അനധികൃത നിയമനം ആണെന്ന് ആരോപിച്ചായിരുന്നു നടപടി. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ചോദ്യംചെയ്യലിന് ബൈഭവിനെ ഇ.ഡി. വിളിപ്പിക്കുകയും ചെയ്തിരുന്നു. 

സ്വാതിയുടെ ആരോപണത്തിന് പിന്നാലെ എ.എ.പിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
 

Content Highlights: close aid of arvind kejriwal attacked at chief minister residence alleges aap rs mp swati maliwal