ഇൻബോക്‌സിൽ നിറയെ വധഭീഷണിയും തെറിയും, ഒന്നും തന്നെ ബാധിക്കുന്നില്ല -സിജെപി വക്താവ് രത്‌ന സിങ്

ന്യൂഡൽഹി: തന്റെ ഇൻബോക്‌സ് വധഭീഷണിയും തെറിയും വിദ്വേഷവും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് അഡ്വ. രത്ന സിങ്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നേയില്ലെന്നും അവർ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ബിജെപിയിൽ ചേർന്നില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മകന് ഭീഷണി വന്നതായി സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെയുടെ പിതാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രത്‌ന സിങ്ങിന്റെ വെളിപ്പെടുത്തൽ.
'വധഭീഷണികളാലും അധിക്ഷേപകരമായ സന്ദേശങ്ങളാലും വെറുപ്പുളവാക്കുന്ന ട്വീറ്റുകളാലും കമന്റുകളാലും നിറഞ്ഞിരിക്കുകയാണ് എന്റെ ഡിഎം. എന്നാൽ അതൊന്നും ഇപ്പോൾ എന്നെ ബാധിക്കുന്നേയില്ല. ഒരുതരത്തിലുള്ള മുൻവിധികൾക്കും ഞങ്ങൾ ചെയ്തതിനെ ഇല്ലാതാക്കാനാകില്ല. സ്വബോധമുള്ള ഒരാൾ പോലും, അവർ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പറയില്ല. ഈ പ്രസ്ഥാനം എന്നെ കരുത്തയാക്കി. പ്രയാസങ്ങൾക്കിടയിലും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനും വിദ്വേഷത്തെ അവഗണിക്കാനും ആളുകൾ എത്രയൊക്കെ മോശമായാണ് പെരുമാറുന്നതെങ്കിലും മുന്നോട്ട് പോകാനും എന്നെ ഇത് പഠിപ്പിച്ചു.' -രത്‌ന സിങ് പറഞ്ഞു.
കോക്രോച്ച് ജനതാ പാർട്ടിയുടെ വക്താക്കളിൽ പ്രധാനിയാണ് അഡ്വ. രത്ന സിങ്. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ചതിൽ കേസെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള നിയമസഹായം ഏകോപിപ്പിക്കുന്നത് രത്‌ന സിങ്ങാണ്.
Content Highlights: CJP spokesperson Adv Ratna Singh stated on X that her inbox is filled with death threats and hate messages, but emphasized that the harassment will not deter her resolve to continue providing legal support to students.