‘ചർച്ച നിഷ്പക്ഷ വേദിയിൽ മാത്രം’; സർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം തള്ളി സിജെപി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ വെച്ച് ചർച്ചനടത്താമെന്ന സർക്കാരിന്റെ നിർദ്ദേശം തള്ളി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). നിഷ്പക്ഷ വേദിയിൽ മാത്രമേ ചർച്ചകളിൽ പങ്കെടുക്കൂ എന്ന് അവർ വ്യക്തമാക്കി.
ജന്തർ മന്തറിൽ പ്രക്ഷോഭകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച സി.ജെ.പി. വക്താവ് അശുതോഷ് റാങ്ക, നദ്ദയുടെ ഓഫീസിൽവെച്ച് ചർച്ചനടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്ന് യോഗത്തിൽ ചോദിച്ചു. തുടർന്ന് ചർച്ചകൾ നിഷ്പക്ഷ വേദിയിൽ മാത്രമായിരിക്കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം സർക്കാരിന്റെ വാഗ്ദാനം നിരസിച്ചു.
നേരത്തെ, സിജെപി പ്രതിനിധികളുമായി ചർച്ചനടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും ഇതിനായി തന്റെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ എത്താമെന്നും ജെ.പി. നദ്ദ പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ നാലുതവണ വിദ്യാർഥി പ്രതിനിധികളെ ചർച്ചയ്ക്ക് സമീപിച്ചെന്നും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചതിന് പിന്നാലെയായിരുന്നു നദ്ദയുടെ പ്രതികരണം.
നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ചകൾ നടത്താമെന്നും വിദ്യാർഥികൾ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും പരിഹരിക്കാൻ കേന്ദ്രം സന്നദ്ധമാണെന്നും ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു.