എന്തു ത്യാഗത്തിനും തയ്യാറെന്ന് ദീപ്‌കെ; പാറ്റകൾ പ്രക്ഷോഭമായി മാറുമോ? ആരുടെ ബി.ടീമെന്ന ചോദ്യമുയരുന്നു

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനത്തിലൂടെമാത്രം യുവാക്കൾ ഏറ്റെടുത്ത അഴിമതിവിരുദ്ധ പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയമാറ്റമുണ്ടാക്കിയ ചരിത്രമുണ്ട് ഡൽഹിയിലെ സമരഭൂമിയായ ജന്തർമന്തറിന്. പരീക്ഷാക്രമക്കേടുകൾക്കെതിരേ പാറ്റകൾ നടത്തുന്ന പ്രതിഷേധത്തെ ചിലരെങ്കിലും താരതമ്യംചെയ്യുന്നത് 2013-ൽ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളോടാണ്.
എന്നാൽ, പാറ്റകളുടെ പ്രതിഷേധം ഇന്ത്യൻരാഷ്ട്രീയത്തിൽ എന്ത് ചലനമുണ്ടാക്കുമെന്നറിയാൻ അവരുടെ തുടർനീക്കങ്ങളും അതിനോട് ഭരണകൂടത്തിന്റെ സമീപനവും നിർണായകമാകും.
ആളുകളെത്തിയത് സാമൂഹിക മാധ്യമങ്ങളിലെ ആഹ്വാനത്തിലൂടെയാണെങ്കിലും തീർത്തും സംഘടിതമായ സമരശൈലിയായിരുന്നു അണ്ണ ഹസാരെയും അരവിന്ദ് കെജ്‌രിവാളുമെല്ലാം നയിച്ച പ്രക്ഷോഭങ്ങൾക്ക്. ‘ഇനിയെന്ത്’ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അവർക്കുണ്ടായിരുന്നെങ്കിൽ പാറ്റകളുടെ കാര്യത്തിൽ അതില്ല.
യഥാർഥത്തിൽ പാറ്റകൾ ‘ആരുടെ ബി ടീമാണ്’ എന്ന ചർച്ചയും സജീവമാണ്. സി.ജെ.പി.യുടെ ഇപ്പോഴത്തെ നേതാക്കളായ യുവാക്കൾ പലരും നേരത്തേ ആം ആദ്മി പാർട്ടിക്കൊപ്പമുണ്ടായിരുന്നു. അതിനാൽ പാറ്റകൾ ആപ്പിന്റെ സൃഷ്ടിയെന്ന് ആരോപിക്കുന്നവരുണ്ട്.
ശനിയാഴ്ചത്തെ പ്രതിഷേധത്തിന് ചോദിക്കുംമുൻപേ അനുമതി നൽകിയതോടെ ബി.ജെ.പി.യുടെ പദ്ധതിയായും ചിലർ സംശയിക്കുന്നു. ഇതിനെല്ലാം വ്യക്തത വരുത്തേണ്ട ബാധ്യതയും ഇപ്പോൾ പാറ്റകൾക്കുണ്ട്.
എന്തു ത്യാഗത്തിനും തയ്യാർ, ആരെയും ഭയമില്ല -ദീപ്‌കെ
എന്തുത്യാഗത്തിനും തയ്യാറായാണ് താനെത്തിയതെന്ന് അഭിജീത് ദീപ്‌കെ. ഇന്ത്യയിലേക്കു വരുമ്പോൾ മകൻ അറസ്റ്റിലാകുമോ എന്നായിരുന്നു അമ്മയുടെ പേടി. അത് തന്റെമാത്രം അമ്മയുടെ പേടിയല്ല. ‘രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന എല്ലാ ചെറുപ്പക്കാരുടെയും മാതാപിതാക്കൾക്ക് ഈ പേടിയുണ്ട്. എത്രനാൾ അങ്ങനെ പേടിച്ചു ജീവിക്കാനാകും. ആരെയും ഭയപ്പെടുന്നില്ലെന്ന് അവരോട് പറയണം’ – അഭിജീത് പറഞ്ഞു.
‘ഇതൊരു വലിയപോരാട്ടമാണ്. ധർമേന്ദ്ര പ്രധാന്റെ രാജി ഒരുമാസത്തോളമായി ആവശ്യപ്പെടുന്നുണ്ട്. നടപടിയെടുക്കുന്നതിന് പകരം ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്യാനും പോസ്റ്റുകൾ നീക്കംചെയ്യാനും നോക്കുന്നു. പോസ്റ്റുകൾ നീക്കംചെയ്യാൻ നിങ്ങൾക്ക് സാധിച്ചേക്കും എന്നാൽ, തുടച്ചുനീക്കാനാവില്ല.’ അഭിജീത് പറഞ്ഞു.
‘‘ജയിലിൽപ്പോകുമെന്ന് പേടിച്ച് ഒട്ടേറെപ്പേർ തന്നെത്തന്നെ പണയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിദ്യാർഥികളും യുവജനങ്ങളും സ്വയം അടിയറവുവെച്ചിട്ടില്ലെന്നും’’ അഭിജീത് പറഞ്ഞു. ഭീഷണികാരണം മാതാപിതാക്കൾക്ക് വീട് വിടേണ്ടിവന്നെന്നും അവരെ വീട്ടിലേക്ക് തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Analysis of the 2026 youth-led protest against exam irregularities. Comparison of the current movement with the 2013 Anna Hazare anti-corruption protests. Abhijit Deepke's stance on political pressure and the demand for Dharmendra Pradhan's resignation. Investigation into allegations regarding the political backing (B-team) of the protest group.