പ്രതിഷേധത്തിന് ഇടവേള, 'കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ’; പ്രവർത്തകർക്ക് സന്ദേശവുമായി അഭിജീത് ദീപ്‌കെ

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ആഘോഷവേളകളിൽ സിജെപി പ്രവർത്തകും വോളന്റിയർമാരും കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കണമെന്ന് അഭ്യർഥിച്ച് സിജെപി സ്ഥാപകൻ അഭീജിത് ദീപ്‌കെ. സമരത്തിന് താത്കാലിക ഇടവേള നൽകുകയാണെന്ന സൂചന നൽകിക്കൊണ്ടുള്ള വീഡിയോ സന്ദേശം എക്‌സിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത്രയും ആത്മാർഥതയോടെ കൂടെ നിന്ന ആളുകളെ സല്യൂട്ട് ചെയ്യുന്നു. അത്തരം ആളുകളെ കൂടെ കിട്ടിയതിൽ ഭാഗ്യവാനാണെന്ന് പറഞ്ഞുകൊണ്ടാണ് ദീപ്‌കെയുടെ വീഡിയോ ആരംഭിക്കുന്നത്.

പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ എല്ലാവരുടെയും കുടുംബം ആശങ്കയിലാണ്. പൂജ ആഘോഷങ്ങൾ നടക്കുകയാണ്. എല്ലാവരും തങ്ങളെ സ്‌നേഹിക്കുന്നവർക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ദീപ്‌കെ ആവശ്യപ്പെട്ടു. പ്രകോപനങ്ങൾക്കോ വെറുപ്പിന്റെ രാഷ്ട്രീയത്തിനോ വഴിപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തകർ കസ്റ്റഡിയിലായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'കഴിഞ്ഞ കുറച്ചു ദിവസങ്ങൾ നമുക്ക് എളുപ്പമുള്ളതായിരുന്നില്ല. നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കുക, പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കുക. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ കാരണം നിങ്ങളുടെ കുടുംബങ്ങൾ ആശങ്കയിലായിരിക്കും. നമ്മൾ പോരാടുന്നത് വെറുപ്പിനെതിരെയാണ്. എന്നാൽ ആ വെറുപ്പ് നമ്മുടെ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കരുത്. പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ വികാരങ്ങളും കരുണയും ബലഹീനതയല്ല, മറിച്ച് നമ്മുടെ ഏറ്റവും വലിയ ശക്തിയാണെന്ന് ദീപ്‌കെ പറഞ്ഞു. തടവിലാക്കപ്പെട്ട പ്രവർത്തകർ സമാധാനപരമായ പ്രതിഷേധ പാതയിലാണ് നീങ്ങുന്നത്. ജയിലിൽ കഴിയുന്ന സൗരവിനെയും അശുതോഷിനെയും ആഘോഷവേളകളിൽ ഓർക്കണമെന്നും ദീപ്‌കെ അഭ്യർത്ഥിച്ചു. ദീപ്‌കെയുടെ സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 21 വരെ കോടതി നീട്ടിയ സാഹചര്യത്തിൽ കൂടിയാണ് ദീപ്‌കെയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Content Highlights: CJP founder Abhijit Dipke urged volunteers to spend festival time with their families., The video message comes amidst concerns over protests and the judicial custody of activists Saurav Das and Ashutosh until October 21., Dipke emphasized fighting against hatred without letting it enter one's own heart.